സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ ഇളവ്

  • 27/11/2021


റിയാദ്: സൗദി അറേബ്യയില്‍  നിന്ന് ഒരു ഡോസ് കൊറോണ വാക്സിനെടുത്തവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ മൂന്ന് ദിവസം മാത്രം മതിയാവും. ആദ്യ ഡോസ് കൊറോണ വാക്സിന്‍ സൗദി അറേബ്യയില്‍ നിന്നാണ് എടുത്തതെങ്കില്‍ ഏത് രാജ്യത്തു നിന്ന് മടങ്ങി വരുന്നവര്‍ക്കും സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശനാനുമതിയും ലഭിക്കും.

ഡിസംബര്‍ നാല് മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡിസംബര്‍ ഒന്ന് പുലര്‍ച്ചെ ഒരു മണി മുതല്‍ നേരിട്ടുള്ള പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യക്കാര്‍ക്ക് മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കാതെ തന്നെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാം. സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് കൂടി നേരിട്ടുള്ള പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ ഇത് ഇപ്പോഴും പ്രവേശന വിലക്ക് തുടരുന്ന തുര്‍ക്കി, ലെബനാന്‍, എത്യോപ്യ, അഫ്‍ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും പ്രയോജനപ്പെടുക.

ഇന്ത്യയില് നിന്ന് രണ്ട് ഡോസ് വാക്‌സിന് സ്വീകരിച്ച ശേഷം സൗദി അറേബ്യയിലേക്ക് നേരിട്ട് വരുന്നവര്‍ക്ക് സൗദിയിലെത്തിയാല്‍ അഞ്ചു ദിവസമാണ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമുള്ളത്. ഒരു ഡോസ് വാക്സിന്‍ സൗദി അറേബ്യയില്‍ നിന്ന് സ്വീകരിച്ചവരാണെങ്കില്‍ മൂന്ന് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയാവുമെന്നതാണ് പുതിയ അറിയിപ്പ്. സൗദി അറേബ്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. 

ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും സൗദിയിലെത്തിയാല്‍ അഞ്ച് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ആവശ്യമുള്ള വിഭാഗങ്ങള്‍ തങ്ങള്‍ യാത്ര ചെയ്യുന്ന വിമാന കമ്പനിയുടെ കീഴിലുള്ള ഹോട്ടലുകളിലോ രാജ്യത്ത് ക്വാറന്റീന് അംഗീകാരമുള്ള ഹോട്ടലുകളിലോ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഇവര്‍ സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും അഞ്ചാം ദിവസവും കൊവിഡ് പിസിആര്‍ പരിശോധന നടത്തണം.

Related News