കുവൈറ്റ് കല ട്രസ്റ്റ് പുരസ്ക്കാരം മുരുകൻ കാട്ടാക്കടയ്ക്ക്.

  • 07/12/2021

തിരുവന്തപുരം: കുവൈറ്റ് മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ  കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കുവൈറ്റ് കല ട്രസ്റ്റ് അനശ്വര കാഥികൻ സാംബശിവന്റെ പേരിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ സാംബശിവൻ സ്മാരക പുരസ്‌കാരത്തിന്  പ്രശസ്ത കവി മുരുകൻ കാട്ടാക്കട തെരഞ്ഞെടുക്കപ്പെട്ടു. കണ്ണട, രേണുക, രക്തസാക്ഷി, ബാഗ്ദാദ്, നെല്ലിക്ക, കർഷകന്റെ ആത്മഹത്യാക്കുറിപ്പ് തുടങ്ങി നിരവധി കവിതകൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ വലിയ ജനകീയ അംഗീകാരം  നേടിയവയാണ്. നിരവധി ചലച്ചിത്രങ്ങൾക്കായും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ചോപ്പ് എന്ന സിനിമക്ക് വേണ്ടി അദ്ദേഹം എഴുതിയ               "മനുഷ്യനാകണം.... എന്ന ഗാനം വളരെ ശ്രദ്ധിക്കപ്പെട്ടു. 50000 രൂപയും പ്രശസ്തി  പത്രവും അടങ്ങുന്നതാണ് അവാർഡ് . 2021 ഡിസംബർ 19 ഞായറാഴ്ച്ച തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ (വിജെ ടി ഹാൾ) വെച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറുമെന്ന് കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട് അറിയിച്ചു.

കേരളത്തിലെ കലാ സാംസ്‌കാരിക സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനു വേണ്ടി 2000 മുതൽ കുവൈറ്റ് കല ട്രസ്റ്റ്  തുടക്കമിട്ടതാണ് സാംബശിവന്റെ പേരിലുള്ള പുരസ്‌കാരം. ഒ.എൻ.വി കുറുപ്പ്, പി. ഗോവിന്ദപിള്ള, പ്രഭാവർമ്മ, കെടാമംഗലം സദാനന്ദൻ, കെ.പി.എ.സി സുലോചന, നിലമ്പൂർ ആയിഷ, കെ.പി മേദിനി, സാറാ ജോസഫ്‌, കെ.പി കുഞ്ഞുമുഹമ്മദ്, അനിൽ നാഗേന്ദ്രൻ, ശ്രീകുമാരൻ തമ്പി, പാലൊളി മുഹമ്മദ് കുട്ടി, എഴാച്ചേരി രാമചന്ദ്രൻ ഉൾപ്പെടെയുള്ള  നിരവധി പ്രമുഖർക്കാണ് മുൻ വർഷങ്ങളിൽ കല ട്രസ്റ്റ് അവാർഡുകൾ ലഭിച്ചിട്ടുള്ളത്.

പ്രസ്തുത ചടങ്ങിൽ വെച്ച് കുവൈറ്റ് കല ട്രസ്റ്റ് എല്ലാ വർഷവും നൽകി വരുന്ന  വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെ തിരുവനന്തപുരം ജില്ലയിലെ വിതരണവും നടക്കുന്നതായിരിക്കും. മലയാളം മീഡിയത്തിൽ പഠിച്ചു ഉന്നത മാർക്കോടെ പത്താം തരത്തിൽ  വിജയികളാകുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ ഓരോ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 28 കുട്ടികൾക്കാണ് വിദ്യാഭ്യാസ എൻഡോവ്മെന്റ്  ഏർപ്പെടുത്തിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News