അന്യപുരുഷനുമായി ബെഡ്റൂമില്‍ ഗെയിം കളിച്ചു; ഭാര്യക്കെതിരെ കേസ് കൊടുത്ത് ഭര്‍ത്താവ്

  • 19/01/2022

മനാമ: അന്യപുരുഷനുമായി ബെഡ്‌റൂമില്‍ വീഡിയോ ഗെയിം കളിച്ച ഭാര്യക്കെതിരെ ഭര്‍ത്താവ് കോടതിയില്‍. ബഹ്‌റൈനിലാണ് സംഭവം. രണ്ടു പെണ്‍മക്കളെ സംരക്ഷിക്കുന്നതിനുള്ള അവകാശം തനിക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ നല്‍കിയ കേസ് ശരീഅ കോടതി തള്ളി.

പ്ലേസ്റ്റേഷന്‍ കളിക്കാനായി ഭാര്യ മറ്റൊരു പുരുഷനെ ബെഡ്‌റൂമില്‍ വിളിച്ചുവരുത്തി എന്നതാണ് ഇതിന് കാരണമായി ഇയാള്‍ പറയുന്നത്. ഇതുസംബന്ധിച്ച് ഇയാള്‍ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിക്കാരന് തന്റെ പരാതി സാധൂകരിക്കുന്ന രീതിയിലുള്ള തെളിവുകളോ സാക്ഷികളെയോ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യയെ സംശയിക്കുകയും മര്‍ദ്ദിക്കുകയും ഇവരെയും മക്കളെയും വിട്ട് പോകുകയും ചെയ്ത ഇയാളുടെ വാദത്തിന് തെളിവുകളുടെ പിന്‍ബലമില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 2013ലാണ് പരാതിക്കാരന്‍ യുവതിയെ വിവാഹം കഴിച്ചത്. മൂന്നും അഞ്ചും വയസ്സുള്ള ഇവരുടെ രണ്ടു കുട്ടികളും 2020ലെ ഉത്തരവ് പ്രകാരം ഭാര്യയുടെ കൂടെയായിരുന്നു താമസമെന്ന് ഭാര്യയുടെ അഭിഭാഷകനായ ഖോലൂഡ് മസ്ലൂം പറഞ്ഞു. എന്നാല്‍ ഭര്‍ത്താവ് മക്കളുടെ സംരക്ഷണാവകാശം തനിക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ കേസ് നല്‍കുകയായിരുന്നു. തന്റെ ഭാര്യയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ഒരു അപരിചിതനെ വീട്ടില്‍ വിളിച്ചുവരുത്തി രാത്രിയില്‍ നാല് മണിക്കൂറോളം ബെഡ്‌റൂമിലിരുന്ന് വീഡിയോ ഗെയിം കളിച്ചുവെന്നാണ് ഇതിന് കാരണമായി ഭര്‍ത്താവ് ആരോപിക്കുന്നത്.

ഭാര്യയുടെ അഭിമാനത്തിനും അന്തസ്സിനും എതിരെയുള്ള ആക്രമണമാണിതെന്നും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മുമ്പില്‍ ഭാര്യയെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഭര്‍ത്താവിന്റെ ലക്ഷ്യമെന്നും യുവതിയുടെ അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. തെളിവുകളില്ലാതെ തനിക്കെതിരെ മോശം ആരോപണം ഉന്നയിച്ചതോടെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി യുവതി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി.

Related News