ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനം: നാളെ കുർബാന അർപ്പിക്കും

  • 04/11/2022



ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനത്തിന് ഇന്നലെ തുടക്കം കുറിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായെത്തുന്ന മാർപാപ്പയെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നആയ്മി പറഞ്ഞു. മനാമയിലെ ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ നാളെ രാവിലെ 8.30ന് ഫ്രാൻസിസ് മാർപാപ്പ കുർബാന അർപ്പിക്കും.

ഇന്നലെ വൈകുന്നേരം ബഹ്റൈൻ സമയം 4.45ന് അവാലി സക്കീർ എയർ ബേസിൽ ഇറങ്ങി. 5.30ന് സക്കീർ കൊട്ടാരത്തിൽ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവുമായി കൂടിക്കാഴ്ച നടത്തി. മനുഷ്യ നിലനിൽപിന് കിഴക്കും പടിഞ്ഞാറും എന്ന വിഷയത്തിൽ ബഹ്റൈൻ ഫോറം ഫോർ ഡയലോഗിന്റെ സംവാദ പരിപാടിയുടെ സമാപന യോഗം നാളെ രാവിലെ 10നു മാർപാപ്പ ഉദ്ഘാടനം ചെയ്യും. അൽ അസർ ഗ്രാൻഡ് ഇമാമുമായി വൈകുന്നേരം 4നു സ്വകാര്യ കൂടിക്കാഴ്ച.

സക്കീർ റോയൽ പാലസിലെ മോസ്കിൽ മുതിർന്നവർക്കായുള്ള മുസ്‌ലിം കൗൺസിലിലെ അംഗങ്ങളെ മാർപാപ്പ കാണും. തുടർന്ന് ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ സമാധാന പ്രാർഥനയും മതമൈത്രി സമ്മേളനവും. 5ന് വൈകുന്നേരം 5ന് സേക്രഡ് ഹാർട്ട് സ്കൂളിലെ കുട്ടികളുമായി സംവദിക്കും.

ആറിനു രാവിലെ മനാമയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ പ്രാർഥനയിൽ പങ്കെടുക്കും. ഉച്ചയ്ക്കു 12.30ന് സക്കീർ എയർ ബേസിൽ മാർപാപ്പയ്ക്കു യാത്രയയപ്പു നൽകും. ഗൾഫ് അറബ് രാജ്യങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയുടെ രണ്ടാമത്തെ സന്ദർശനമാണിത്. 2019 ൽ അദ്ദേഹം യുഎഇയിലെ അബുദാബി സന്ദർശിച്ചിരുന്നു.

Related News