ഭാര്യയ്‍ക്ക് വേണ്ടി കൊവിഡ് പരിശോധനാ ഫലത്തില്‍ കൃത്രിമം : ഡോക്ടര്‍ക്ക് ബഹ്റൈന്‍ കോടതി ശിക്ഷ വിധിക്കും

  • 22/08/2022



മനാമ: ഭാര്യയ്‍ക്ക് വേണ്ടി കൊവിഡ് പരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ച ഡോക്ടര്‍ക്ക് ബഹ്റൈന്‍ കോടതി അടുത്തയാഴ്‍ച ശിക്ഷ വിധിക്കും. ഭാര്യയ്‍ക്ക് പുറമെ മറ്റൊരാള്‍ക്ക് വേണ്ടിയും ഇയാള്‍ വ്യാജ കൊവിഡ് പരിശോധനാ ഫലം തയ്യാറാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പരിശോധനയ്‍ക്കായി രണ്ട് പേരുടെയും സാമ്പിള്‍ ശേഖരിച്ചത് പ്രതിയായ ഡോക്ടറായിരുന്നു

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലായിരുന്നു സംഭവം. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ് വ്യാജ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കിയത്. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളം പൊലീസ് ഡയറക്ടറേറ്റിലെ ഒരു ഉദ്യോഗസ്ഥനുമായി ചേര്‍ന്നായിരുന്നു ഇത്. വിദേശത്തു നിന്ന് ബഹ്റൈനിലെത്തുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധനയിലെ നെഗറ്റീവ് റിസള്‍ട്ട് നിര്‍ബന്ധമായിരുന്ന സമയത്ത് ഭാര്യയെയും മറ്റൊരാളെയും രാജ്യത്ത് പ്രവേശിപ്പിക്കാന്‍ വേണ്ടിയായിരുന്നു പരിശോധനാ ഫലത്തിലെ കൃത്രിമം. 

ഡോക്ടറായ താന്‍ തന്നെയാണ് കൊവിഡ് പരിശോധനയ്‍ക്കി സാമ്പിള്‍ ശേഖരിച്ചതെന്ന് അവകാശപ്പെട്ട ഇയാള്‍ ഭാര്യയുടെയും മറ്റൊരാളിന്റെയും വ്യക്തി വിവരങ്ങള്‍ പരിശോധനാ ഫലം തയ്യാറാക്കാനായി ഒരു ജീവനക്കാരന് നല്‍കുകയും ചെയ്‍തു. എന്നാല്‍ സാമ്പിളുകളില്‍ കൃത്രിമം കാണിച്ചതു വഴി പരിശോധനാ ഫലം നെഗറ്റീവായി ലഭിക്കുകയായിരുന്നു. കൊവിഡ് പരിശോധനയില്‍ കൃത്രിമം കാണിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുമെന്ന് ബഹ്റൈന്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

Related News