ഇന്നലെ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകി

  • 31/07/2023



മനാമ: തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകി. തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് പുറപ്പെട്ട് ബഹ്‌റൈനില്‍ രാത്രി എട്ടു മണിക്ക് എത്തേണ്ട വിമാനമാണിത്. എന്നാല്‍ ഇതുവരെ ഈ വിമാനം പുറപ്പെട്ടിട്ടില്ല.

സാങ്കേതിക തകരാര്‍ മൂലം തിങ്കളാഴ്ച രാവിലെ 10.30ന് മാത്രമെ വിമാനം പുറപ്പെടൂ എന്നാണ് അധികൃതര്‍ നേരത്തെ യാത്രക്കാരെ അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച വിമാനത്തില്‍ കയറിയതിന് ശേഷം എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. 

തിങ്കളാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിന് വിമാനം പുറപ്പെടുമെന്നാണ് അധികൃതര്‍ യാത്രക്കാരെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. വിമാനം അനിശ്ചിതമായി വൈകിയതോടെ ദുരിതത്തിലായിരിക്കുകയാണ് യാത്രക്കാര്‍. തിരുവനന്തപുരം-ബഹ്‌റൈന്‍ സര്‍വീസ് വൈകിയത് കൊണ്ട് ബഹ്‌റൈനില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസും വൈകുമെന്ന് എയര്‍ ഇന്ത്യ യാത്രക്കാരെ അറിയിച്ചു. 

Related News