ബഹ്റൈനിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം; നാല് പേരെ ആശുപത്രിയിലേക്ക് മാറ്റി

  • 07/08/2022



മനാമ: ബഹ്റൈനില്‍ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് താമസക്കാരെ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഗുദൈബിയയിലായിരുന്നു സംഭവം. ഹസ്സാന്‍ ബിന്‍ സാബിത് അവന്യുവില്‍ ബനാന ലീഫ് തായ് റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്ന അഞ്ച് നില കെട്ടിടത്തിലായിരുന്നു അപകടം.

കെട്ടിടത്തിലെ താമസക്കാരായ ഇരുപതിലധികം പേരെ ഇവിടെ നിന്ന് അഗ്നിശമന സേന ഒഴിപ്പിച്ചു. നാല് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികളും ഇവിടെ താമസിച്ചിരുന്നു. നാല് ഫയര്‍ എഞ്ചിനുകളും 17 അഗ്നിശമന സേനാ അംഗങ്ങളും തീ നിയന്ത്രണമാക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളായി. 

അതേസമയം, കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ മാത്രമാണ് തീപിടിച്ചതെന്നും മറ്റ് അപ്പാര്‍ട്ട്മെന്റുകള്‍ക്ക് നാശനഷ്ടങ്ങളൊന്നുമില്ലെന്നും താമസക്കാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. കെട്ടിടത്തിന്റെ അഗ്നിസുരക്ഷാ സംവിധാനങ്ങളിലും ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു.

പുലര്‍ച്ചെ 5.45നാണ് തീപിടുത്തമുണ്ടായത്. തീപിടിച്ച അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇടനാഴിയിലേക്കും ചെറിയ തോതില്‍ തീ പടര്‍ന്നു. എന്നാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധത്തില്‍ എല്ലായിടത്തും പുക നിറഞ്ഞതായി താമസക്കാര്‍ പറഞ്ഞു. ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്ന സാഹചര്യമാണ് നേരിട്ടതെന്നും പിന്നീട് സിവില്‍ ഡിഫന്‍സ് അധികൃതരെത്തി ആളുകളെ രക്ഷപെടുത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്യുകയായിരുന്നുവെന്നും താമസക്കാര്‍ പറഞ്ഞു. 

Related News