'സാന്ത്വനം കുവൈറ്റ്'- ഇരുപത്തി ഒന്നാം വാർഷിക പൊതുയോഗം ഫെബ്രുവരി 11 ന് ; അംബാസിഡർ സിബി ജോർജ്ജ്‌ ഉത്ഘാടനം ചെയ്യും

  • 10/02/2022

ജീവകാരുണ്യ പ്രവർത്തനരംഗത്ത് ശ്രദ്ധേയമായ സാമൂഹ്യസേവനം ചെയ്യുന്ന 'സാന്ത്വനം കുവൈറ്റ്' ഇരുപത്തി ഒന്ന്‌ പ്രവർത്തന വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വാർഷിക പൊതുയോഗം സംഘടിപ്പിക്കുന്നു. 

ഫെബ്രുവരി 11 നു ഉച്ചകഴിഞ്ഞ്‌ 4:30 നു 'സൂം' ഓണലൈനിൽ നടക്കുന്ന പൊതുയോഗം ബഹു. ഇന്ത്യൻ അംബാസിഡർ ശ്രീ. സിബി ജോർജ്ജ്‌ ഉത്ഘാടനം ചെയ്യും. സംഘടനാംഗങ്ങളും അഭ്യുദയ കാംക്ഷികളും കുവൈറ്റിലെയും നാട്ടിലേയും സാമൂഹ്യ സേവന രംഗത്തെ പ്രമുഖ വ്യക്തികളും യോഗത്തിൽ പങ്കെടുക്കും. 

2021 ലെ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് അവതരിപ്പിച്ച് വിലയിരുത്തുന്നതോടൊപ്പം, അംഗങ്ങളുടെ അഭിപ്രായ നിർദ്ദേശങ്ങൾ മുൻ നിർത്തി നിർദ്ധന രോഗികൾക്ക് വേണ്ടി കൂടുതൽ ഉപകാരപ്രദവും കാര്യക്ഷമവുമായ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുവാനുള്ള പൊതു ചർച്ച തുടങ്ങിയവ പൊതുയോഗത്തിന്റെ  മുഖ്യ വിഷയങ്ങളായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
2021 വർഷത്തെ പ്രവർത്തന വിവരങ്ങൾ സമഗ്രമായി ഉൾക്കൊള്ളുന്ന വാർഷിക സുവനീറായ "സ്മരണിക 2021" ഈ യോഗത്തിൽ വച്ച്‌ ഓൺലൈനായി പ്രകാശനം ചെയ്യും. 

കഴിഞ്ഞ 21 വർഷങ്ങളിൽ 15 കോടിയോളം രൂപ ചികിത്സാ, ദുരിതാശ്വാസ സഹായങ്ങളായി സാമ്പത്തിക പരാധീനതകളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾക്ക്, ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ എത്തിച്ച് നൽകുവാൻ സാന്ത്വനം കുവൈറ്റിനു കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

കോവിഡ്‌ മഹാമാരിയുടെ പശ്ച്ചാത്തലത്തിലും, 2021 പ്രവർത്തന വർഷത്തിൽ മാത്രം 1200 ഓളം രോഗികൾക്കായി ഒന്നേകാൽ കോടിയോളം രൂപയുടെ ചികിത്സാ സഹായ പദ്ധതികൾ നടപ്പിലാക്കുവാൻ സംഘടനയ്ക്ക്‌ കഴിഞ്ഞു. ഇതിൽ വിവിധ കോവിഡ്‌ സഹായപദ്ധതികൾ, കുവൈറ്റിലെ  ഗാർഹിക മേഖലയിലും അടിസ്ഥാന മേഖലയിലും ജോലി നോക്കുന്ന നിർദ്ധനരായ രോഗികളും, പ്രതിമാസ തുടർചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായി നാട്ടിൽ ദീർഘകാലം ചികിത്സ വേണ്ടിവരുന്ന കിടപ്പ്‌ രോഗികളും, ഒപ്പം പ്രത്യേക വാർഷിക സാമൂഹ്യക്ഷേമപദ്ധതികളും ഉൾപ്പെടുന്നു. 

എല്ലാ വർഷവും നടപ്പാക്കി വരുന്ന പ്രത്യേക സഹായ പദ്ധതിയിൽ, കോവിഡ്‌ പ്രതിസന്ധിയിലായ വ്യക്തികൾക്കും കുടുംബങ്ങൾക്കും ഒപ്പം സ്ഥാപനങ്ങൾക്കും സഹായമെത്തിക്കുവാൻ കഴിഞ്ഞ വർഷം സാന്ത്വനത്തിനു കഴിഞ്ഞു. കൂടാതെ കാൻസർ രോഗികൾക്കും മറ്റും താമസ സൗകര്യം ഒരുക്കുന്ന തിരുവനന്തപുരം ട്രിഡ വിശ്രം സങ്കേത്, വയനാട്ടിലെ ശാന്തി ഡയാലിസിസ് സെന്റർ, എല്ലാ ജില്ലകളിലും ഉള്ള വിവിധ പാലിയേറ്റീവ് കെയർ സെന്ററുകൾ തുടങ്ങിയവയ്ക്കുള്ള സഹായങ്ങളും നൽകുകയുണ്ടായി.

കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനായി നടക്കുന്ന സാന്ത്വനത്തിന്റെ 21 ആം വാർഷിക പൊതുയോഗത്തിലേക്ക്  കുവൈറ്റിലെ എല്ലാ പ്രവാസി മലയാളികളേയും സ്വാഗതം ചെയ്യുന്നതോടൊപ്പം സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാ മനുഷ്യസ്നേഹികളും ഭാഗഭാക്കാകുവാനും സാന്ത്വനം പ്രവർത്തകർ അഭ്യർഥിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് 60452601 (നെൽസൺ/പ്രസിഡന്റ്‌‌), 66751773 (അനിൽ/സെക്രട്ടറി) എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News