ഉപ്പിലിട്ടത് കഴിച്ചപ്പോള്‍ എരിഞ്ഞു; വെള്ളമെന്നു കരുതി ആസിഡ് കുടിച്ച വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റു

  • 15/02/2022

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ വെള്ളമെന്നു കരുതി ആസിഡ് കുടിച്ച വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റു. ഉപ്പിലിട്ടത് കഴിച്ചപ്പോള്‍ എരിവ് തോന്നിയതിനെ തുടര്‍ന്നാണ് കുട്ടികള്‍ സമീപത്തുണ്ടായിരുന്ന കുപ്പിയിലെ ദ്രാവകം കുടിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ട ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശികളാണ് വിദ്യാര്‍ഥികള്‍.

തൃക്കരിപ്പൂരില്‍ നിന്ന് പഠനയാത്രക്കെത്തിയ മുഹമ്മദെന്ന 14കാരനാണ് വരക്കല്‍ ബീച്ചിലെ തട്ടുകടയില്‍ നിന്ന് ഉപ്പിലിട്ടത് കഴിച്ചത്. എരിവ് തോന്നിയപ്പോള്‍ വെള്ള മെന്ന് കരുതി കടയില്‍ വച്ചിരുന്ന കുപ്പിയിലെ ദ്രാവകം കുടിക്കുകയായിരുന്നു. ഇതോടെ കുട്ടി അവശതയിലായി. ഉടന്‍ ഛര്‍ദ്ദിച്ചു. തൊട്ടടുത്ത് ഉണ്ടായിരുന്ന സാബിദ് എന്ന കുട്ടിയുടെ ശരീരത്തിലാണ് ഛര്‍ദില്‍ വീണത്. ഈ കുട്ടിക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഇരുവരേയും ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെയാണ് ബന്ധുക്കള്‍ സംഭവത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്.

മുഹമ്മദിന്‍റെ വായിലും അന്നനാളത്തിലും പൊള്ളലുണ്ടെന്നും വിദഗ്ദ ചികിത്സക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വകുപ്പും കോര്‍പറേഷന്‍റെ ആരോഗ്യ വകുപ്പും വരക്കലിലെ തട്ടുകടകളില്‍ പരിശോധന നടത്തി. സാംപിളുകള്‍ ശേഖരിച്ചു. പഴവര്‍ഗ്ഗങ്ങളും മറ്റും ഉപ്പിലിടാനും വിനാഗരി ഉണ്ടാക്കാനുമായി കടയില്‍ സൂക്ഷിച്ച ഗാഢ അസറ്റിക് ആസിഡാവാം കുട്ടി വെള്ളമെന്ന് കരുതി കുടിച്ചതെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ നിഗമനം.

Related News