കൊവിഡ് പ്രതിരോധത്തിന് ചെലവഴിച്ച തുക നൽകാതെ സർക്കാർ; കടുത്ത ബാധ്യതയിൽ തദ്ദേശ സ്ഥാപനങ്ങൾ

  • 15/02/2022

പത്തനംതിട്ട: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച പണം സർക്കാർ തിരിച്ചുകൊടുക്കാത്തതോടെ തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ. സിഎഫ്എൽടിസികൾ തുടങ്ങിയ പഞ്ചായത്തുകളും നഗരസഭകളും കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. പലയിടത്തും വികസന പ്രവർത്തനങ്ങളും താളം തെറ്റി.

കൊവിഡ് വ്യാപനത്തിന്റെ ആദ്യ രണ്ട് തരംഗങ്ങളിലും ആരോഗ്യ വകുപ്പിന് തുണയായത് സംസ്ഥാനത്തെ വിവിധ സിഎഫ്എൽടിസികളും ഡിസിസികളുമായിരുന്നു. കൊവിഡ് ചികിത്സ കേന്ദ്രങ്ങൾ വേണമെന്ന സർക്കാർ നിർദേശത്തിന് പിന്നാലെ അതിവേഗത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ സൗകര്യങ്ങൾ ഒരുക്കിയത്. പലയിടത്തും സ്‌കൂളുകളും കോളേജുകളും സ്വാകാര്യ ഓഡിറ്റോറിയങ്ങളും സിഎഫിഎൽടിസികളാക്കി. ഈ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ലക്ഷക്കണക്കിന് രൂപയാണ് ചെലവായത്. 

സിഎഫ്എൽടികൾക്ക് ചെലവാകുന്ന മുഴുവൻ പണവും സർക്കാർ നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്ന് പണം ചെലവഴിച്ചു. കഴിഞ്ഞ മാസം ഇറങ്ങിയ ഉത്തരവ് പ്രകാരം ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റേയും ചെലവ് മാത്രമെ സർക്കാർ വഹിക്കു. എന്നാൽ ഈ പണവും ഇതുവരെ ലഭ്യമായിട്ടില്ല.ഇതോടെയാണ് തദ്ദേശ സ്ഥാപനങ്ങൾ വെട്ടിലായത്. കൊവഡ് രോഗികളെ പരിചരിച്ച വകയിൽ ചെലവായ ലക്ഷങ്ങൾ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ.

ഇതിനെല്ലാം പുറമെ കൊവിഡ് മൂന്നാം തരംഗത്തിന് പിന്നാലെ തദ്ദേശേ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും വെട്ടിക്കുറച്ചു. ശരാശരി ഒരു കോടി രൂപയുടെ കുറവാണ് ഉള്ളത്. ഇത് വികസന പദ്ധതികളെ കാര്യമായി ബാധിച്ചു. പല പദ്ധതികളും പാതിവഴിയിൽ നിലച്ച നിലയിലാണ്. കടുത്ത വരൾച്ച നേരിടുന്ന മലയോര മേഖലകളിൽ കുടിവെള്ളം എത്തിക്കാൻ പോലും പഞ്ചായത്തുകൾക്ക് പണമില്ല.

Related News