ഒഎൽഎക്സ് വഴി കാർ വിൽക്കും, അതേ കാർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മോഷ്ടിക്കും

  • 15/02/2022

കൊച്ചി: കാർ വിൽക്കുകയും അതേ കാർ തന്നെ മോഷ്ടിച്ച് കടത്തുകയും ചെയ്യുന്ന മൂന്നംഗ സംഘം പോലീസ് പിടിയിൽ. മലപ്പുറം സ്വദേശികളായ പരപ്പനങ്ങാടി ചെട്ടിപ്പടി വെള്ളോടത്തിൽ വീട്ടിൽ ഇക്ബാൽ സലീം (24), ചെട്ടിപ്പടി ചോളക്കകത്ത് വീട്ടിൽ മുഹമ്മദ് ഫാഹിൽ (26), അരിയല്ലൂർ അയ്യനാവിൽ വീട്ടിൽ ശ്യാം മോഹൻ (23) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നെടുമങ്ങാട് സ്വദേശിക്ക് ഒ.എൽ.എക്സ്. വഴി വിറ്റ ഹ്യുണ്ടായി വെർണ കാർ പാലാരിവട്ടം ബൈപ്പാസിൽ വെച്ച് കവരുകയായിരുന്നു. ഇത്തരത്തിൽ നിരവധി പേരെ ഇവർ കബളിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ഒ.എൽ.എക്സിൽ കാർ വിൽക്കാനും പണയം നൽകാനുമുണ്ടെന്ന് പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. വലിയ വിലക്കുറവിലാണ് ഉപയോക്താക്കളെ ആകർഷിച്ചിരുന്നത്. വില്പനയ്ക്കുള്ള കാറിൽ രഹസ്യമായി ജി.പി.എസ്. ഘടിപ്പിക്കും. ഇത് മുഖ്യ പ്രതിയായ ഇക്ബാലിന്റെ മൊബൈലുമായി ബന്ധിപ്പിക്കും. കാർ വാങ്ങിപ്പോകുന്നവരുടെ പിന്നാലെ ജി.പി.എസിന്റെ സഹായത്തോടെ പ്രതികൾ സഞ്ചരിച്ചാണ് മോഷണം നടത്തുന്നത്.

കോഴിക്കോട്ടു നിന്നാണ് നെടുമങ്ങാട് സ്വദേശി പ്രതികളിൽനിന്ന് ഈ മാസം എട്ടിന് കാർ വാങ്ങിയത്. 1,40,000 രൂപ നൽകി കാറുമായി തിരുവനന്തപുരത്തേക്കു മടങ്ങുംവഴി പാലാരിവട്ടം ചക്കരപ്പറമ്പിൽ രാത്രി ചായ കുടിക്കാൻ നിർത്തി. പിന്നാലെ വന്ന പ്രതികൾ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് കാർ തട്ടിയെടുത്തു. കാർ മോഷണം പോയെന്നു കാണിച്ച് നെടുമങ്ങാട് സ്വദേശി പാലാരിവട്ടം പോലീസിൽ പരാതി നൽകി. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കാർ വില്പന നടത്തിയവർ തന്നെയാണ് കാർ മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞു.

എറണാകുളം എ.സി.പി. വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ഫോണും സിമ്മും ഉപേക്ഷിച്ച് വയനാട്, ബെംഗളൂരു എന്നിവിടങ്ങളിൽ ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ് പ്രതികളെ സൈബർസെല്ലിന്റെ സഹായത്തോടെ പോലീസ് പിടികൂടിയത്. കാർ വിറ്റ പണം ആഡംബര ജീവിതത്തിനാണ് പ്രതികൾ ചെലവഴിച്ചതെന്ന് ഡി.സി.പി. വി.യു. കുര്യാക്കോസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇക്ബാൽ ചേവായൂരിൽ പോക്‌സോ കേസിലും പ്രതിയാണ്. മുഹമ്മദ് ഫാഹിൽ, ശ്യാം മോഹൻ എന്നിവർക്കെതിരേ സമാനമായ വാഹന തട്ടിപ്പിന് വളപട്ടണത്തും കേസുണ്ട്.

Related News