വിഴിഞ്ഞത്ത് പണം വാങ്ങി വൃക്ക വിറ്റതായി പൊലീസ്; ആരോഗ്യവകുപ്പുകളുടെ റിപ്പോർട്ട്

  • 16/02/2022

തിരുവനന്തപുരം:  തൊഴിലില്ലായ്മയും ദാരിദ്രവും മുതലെടുത്ത് തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പരസ്പരം പഴിചാരി പൊലീസും ആരോഗ്യവകുപ്പും. കഴിഞ്ഞ കുറച്ച് മാസങ്ങളായി തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ വിഴിഞ്ഞത്ത് അവയവ മാഫിയ നിരവധി പേരുടെ വൃക്കകൾ പണം കൊടുത്ത് വാങ്ങിയതുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്ത് വന്നിരുന്നു. ഈ വിഷയത്തിൽ കേസെടുക്കേണ്ടത് പൊലീസാണെന്ന് ആരോഗ്യവകുപ്പും അതല്ല ആരോഗ്യവകുപ്പിൻറെ തുടർ നടപടിയില്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസും മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 

വിഴിഞ്ഞത്ത് പണം വാങ്ങി വൃക്ക വിൽപന നടത്തുന്നതിനെ കുറിച്ചുള്ള വാർത്ത ഇരു സർക്കാർ വകുപ്പുകളും തത്വത്തിൽ സമ്മതിക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതകൾ ചൂഷണം ചെയ്താണ് തീരദേശത്ത് അവയവ വിൽപന നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ നടപടി എടുക്കേണ്ടത് അഭ്യന്തര വകുപ്പാണെന്നാണ് ആരോഗ്യവകുപ്പിൻറെ വാദം. തീരദേശത്തെ അവയവ കച്ചവടം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് മുന്നിൽ സമർപ്പിച്ച റിപ്പോർട്ടുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

ബന്ധുക്കൾ അല്ലാത്തവർക്കാണ് വൃക്കകൾ നൽകിയിരിക്കുന്നതെന്നും ഇതിൽ പണ ഇടപാട് നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്ന് ആരോഗ്യവകുപ്പിൻറെ വാദം. സിറ്റി പൊലീസ് മേധാവിയുടെ റിപ്പോർട്ട് അനുസരിച്ച് വൃക്ക ദാനം ചെയ്തവരിൽ നിന്ന് ശേഖരിച്ച മൊഴികളിൽ സ്വന്തം ഇഷ്ടപ്രകാരം പണം വാങ്ങാതെയാണ് വൃക്ക ദാനം ചെയ്തതെന്നാണ് പറയുന്നുണ്ടെങ്കിലും വാണിജ്യ ഇടപെടലുകൾ നടന്നതായും പണം വാങ്ങിയാണ് വ്യക്തികൾ വൃക്കകൾ നൽകിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

എന്നാൽ, അവയവദാന നിയമ പ്രകാരം വിഷയത്തിൽ നടപടി എടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. ലഭിച്ച രണ്ട് പരാതികളിലും ഇതുവരെയായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനാൽ പൊലീസിന് വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വൃക്ക വിൽപ്പനയുമായി ബന്ധപ്പെട്ട് മാർച്ച് 4ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഇരു റിപ്പോട്ടുകളിലും വാദം കേൾക്കും.

സംസ്ഥാനത്ത് അവയവ മാഫിയ പ്രവർത്തനം നടക്കുന്നുണ്ടെന്ന് അടുത്തിടെ വാർത്തകൾ വന്നതിനെ തുടർന്ന് ലഭിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തിരുന്നു.ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ പൊലീസ് മേധാവിയും വിഷയത്തിൽ റിപോർട്ട് സമർപ്പിക്കാണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇരു വകുപ്പുകളും ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

Related News