ഭാര്യയ്‌ക്കെതിരേ വധശ്രമം: അറസ്റ്റ് തടയാൻ ഹൈക്കോടതിയുടെ വ്യാജ ഉത്തരവ് ചമച്ച പ്രതി പിടിയിൽ

  • 16/02/2022

കൊച്ചി: അറസ്റ്റ് തടയാൻ ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ചു. ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയും അഭിഭാഷകനുമാണ് വ്യാജരേഖ ചമച്ചത്. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ പ്രതി പ്രശാന്ത് കുമാറിനെ കരമന പോലീസ് അറസ്റ്റ് ചെയ്തു. 

കരമനയിൽ ഭാര്യയെ തലയ്ക്കടിച്ച കേസിലെ പ്രതിക്കെതിരേ വധശ്രമത്തിനാണ് നേരത്തെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രതി പ്രശാന്ത് കുമാറിന്റെ അറസ്റ്റ് സമയത്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കുന്നുണ്ടായിരുന്നു. ഈ മുൻകൂർ ജാമ്യഹർജിയിൽ കടുത്ത നടപടികൾ പാടില്ലെന്ന് കോടതിയുടെ നിർദേശമുണ്ടെന്ന ഉത്തരവാണ് പ്രതികൾ വ്യാജമായി ഉണ്ടാക്കിയത്. 

അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള നിർദേശം കോടതിയുടെ ഭാഗത്തുനിന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നുവെന്നതാണ് പ്രോസിക്യൂഷന്റെ പരാതി. ഇതുസംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർക്ക് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് പരാതി നൽകി. ഈ പരാതി ഹൈക്കോടതി പരിശോധിക്കുകയാണ്. കോടതിയുടെ ഐടി സെല്ലിലെ അടക്കം രേഖകൾ പരിശോധിക്കുകയും ഇത്തരമൊരു ഉത്തരവ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നു ബോധ്യപ്പെട്ടിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്റെ പരാതി. വ്യാജരേഖ ചമച്ചവർക്കെതിരേ നടപടി വേണമെന്നാണ് ആവശ്യം.

Related News