ഹോട്ടല്‍ മുറിയില്‍ വീട്ടമ്മയും യുവാവും മരിച്ച നിലയില്‍

  • 17/02/2022

തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കാര്യാട്ടുകര സ്വദേശിനി സംഗീത (26), ഒളരിക്കര സ്വദേശി റിജോ (26) എന്നിവരാണ് മരിച്ചത്. സംഗീതയുടെ ഭര്‍ത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ.

ബുധനാഴ്ച വൈകിട്ടാണ് സംഗീതയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് സുനില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസിനെ സമീപിച്ചത്. പരാതി എഴുതി നല്‍കിയിരുന്നില്ല. യുവതിയുടെ ഫോണ്‍നമ്പര്‍ ഉപയോഗിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിനൊപ്പം നഗരത്തിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി. സ്റ്റാന്‍ഡിന് പരിസരത്തുള്ള ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മുറിയെടുത്ത വിവരം അറിഞ്ഞത്. പോലീസ് മുറി തുറന്നുനോക്കുമ്പോള്‍ ഇരുവരും തൂങ്ങിമരിച്ച നിലയിലായിരുന്നു. 

കെ.എസ്ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഹോട്ടലില്‍ ബുധനാഴ്ച ഉച്ചയോടെയാണ് രണ്ടുപേരും മുറിയെടുത്തത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ച ശേഷം  തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് സൂചന. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ച ശേഷം ഇരുവരും ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ചെന്നാണ് നിഗമനം. സംഗീതയ്ക്ക് മൂന്ന് മക്കളുണ്ട്. 

Related News