നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കരുതെന്ന് ആവശ്യം

  • 17/02/2022

തിരുവനന്തപുരം: നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ ഗവണർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ അനിശ്ചിതത്വം. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ ഇതുവരെ തയ്യാറായില്ല. നിയമസഭാ സ്പീക്കറും മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ടെങ്കിലും ഇതുവരേയും പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ തയ്യാറായിട്ടില്ല. 

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ സർവ്വീസിൽ രണ്ട് വർഷം പൂർത്തിയാക്കിയാൽ പെൻഷൻ അർഹരാവും എന്ന ചട്ടം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതിരിക്കുന്നത്. പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ സിഎജിയേയും ബന്ധപ്പെട്ടിട്ടുണ്. സിഎജിയെ നേരിൽ വിളിച്ചാണ് ഗവർണർ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥരെ പോലെ എങ്ങനെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകും എന്ന ചോദ്യമാണ് ഗവർണർ ഉന്നയിക്കുന്നത്. 

നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിച്ച് തിരികെ സർക്കാരിലേക്ക്  അയക്കണമെന്നാണ് ചട്ടം. ഇതിനു ശേഷമാണ് നാളെ നിയമസഭയിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുക. ബജറ്റ് സമ്മേളനത്തിന് തുടക്കമാവുന്നത് തന്നെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. ചരിത്രത്തിൽ ഇതുവരെയില്ലാത്ത അസാധാരണമായ ഒരു പ്രതിസന്ധിയെയാണ് ഇതോടെ സർക്കാർ അഭിമുഖീകരിക്കുന്നത്. നേരത്തെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്നു.

Related News