സർക്കാർ വഴങ്ങി! നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒപ്പിട്ടു

  • 17/02/2022

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ ചുമതലയിൽ നിന്ന് മാറ്റി. ഗവർണറുടെ അഡീഷണൽ പിഎ സ്ഥാനത്ത് ഹരി എസ് കർത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ ജ്യോതിലാൽ വെച്ച കത്താണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളവരെ രാജ്ഭവനിൽ നിയമിക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് ഈ കത്തിലുണ്ടായിരുന്നത്.

പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ അടിയന്തിര കൂടിക്കാഴ്ചകൾ നടത്തുകയാണ്. മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ചക്കിടെ പരസ്പരം ക്ഷോഭിച്ച് സംസാരിച്ചുവെന്ന വിവരങ്ങൾ പുറത്തുവന്നു. എകെജി സെന്ററിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളും മറ്റ് നേതാക്കളും മന്ത്രിമാരും ഉണ്ട്. അടിയന്തിര കൂടിയാലോചനകൾ നടക്കുന്നുണ്ട്.

പൊതുഭരണ സെക്രട്ടറിയായ കെആർ ജ്യോതി ലാലിനെ മാറ്റി പകരം ശാരദാ മുരളീധരനെ സെക്രട്ടറിയായി നിയമിച്ചു. മാറ്റം സർക്കാർ ഔദ്യോഗികമായി രാജ്ഭവനെ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിൽ എത്തിയത്. മുഖ്യമന്ത്രിക്ക് പിന്നാലെ ചീഫ് സെക്രട്ടറിയും രാജ്ഭവനിൽ എത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കുന്നത് ഗവർണ്ണാറുടെ ഭരണ ഘടനാ ബാധ്യതയാണെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

Related News