അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയില്‍

  • 17/02/2022

മലപ്പുറം: അസമിലെ പിടികിട്ടാപ്പുള്ളിയെ മലപ്പുറം നിലമ്പൂരിൽ നിന്ന് പിടികൂടി. സോനിത്പൂർ സ്വദേശി അസ്മത്ത് അലി, സഹായി അമീർ കുസ്മു എന്നിവരാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്.  ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിക്കുമ്പോഴാണ് നിലമ്പൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെയടക്കം വേട്ടയാടിയ കേസിൽ പ്രതിയായ ഇയാൾ കേരളത്തിൽ വന്ന് ഒളിവിൽ താമസിക്കുകയായിരുന്നു. അസം പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 

അസമിൽ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ  ജോലി അന്വേഷിച്ചെത്തുന്ന തൊഴിലാളികൾക്ക് ഒപ്പമാണ് കേരളത്തിലേക്ക് കടന്നതെന്നാണ് വിവരം. തൊഴിലാളികൾക്ക് ഒപ്പമായിരുന്നു താമസവും. മലപ്പുറത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റിലായത്.  കേരളത്തിലേക്ക് കടന്നതോടെ ഇയാളെ കുറിച്ച് അസം പൊലീസിന് വിവരം ലഭിച്ചിരുന്നില്ല. നേരത്തെ ഇയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ബന്ധുക്കൾ, വീട്ടുകാർ എന്നിവരുമായി ഇയാൾ കുറച്ച് കാലമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇയാൾ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് അസ്മത്ത് അലി നിലമ്പൂരിൽ ഉണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.

അസം പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി നിലമ്പൂർ പോലീസിന്റെ വലയിലാകുന്നത്. അസം പോലീസ് നിലമ്പൂരിലെത്തിയിട്ടുണ്ട്. വൈകാതെ തന്നെ ഇയാളെ അസമിലെത്തിക്കുമെന്നാണ് വിവരം. 

Related News