നിയമസഭ ബജറ്റ് സമ്മേളനം; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൻറെ പെൻഷൻ വിഷയത്തിൽ ഗവർണ്ണർ ഉന്നയിച്ച പ്രശ്‌നം ഇപ്പോഴും ബാക്കി

  • 17/02/2022

തിരുവനന്തപുരം: ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണ്ണർ ഇന്നലെ ഒപ്പിടാൻ വിസമ്മതിച്ചത് മൂലമുണ്ടായത് കടുത്ത അനിശ്ചിതത്വമായിരുന്നു. ഒടുവിൽ ഗവർണ്ണറെ വിമർശിച്ച പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റിയാണ് സർക്കാർ അനുനയത്തിലെത്തിയത്. അതേസമയം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൻറെ പെൻഷൻ വിഷയത്തിൽ ഗവർണ്ണർ ഉന്നയിച്ച പ്രശ്‌നം ഇപ്പോഴും ബാക്കിയാണ്.

ഗവർണ്ണറും സർക്കാരും തമ്മിലെ ഒത്തുകളിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം സഭയിൽ ആരോപണം ഉന്നയിക്കാൻ സാധ്യതയുണ്ട്. സർക്കാർ ഇനി നടപ്പാക്കാൻ പോകുന്ന പദ്ധതികൾക്ക് ഊന്നൽ നൽകിയായിരിക്കും നയപ്രഖ്യാപന  പ്രസംഗം. സിൽവർ ലൈനുമായി മുന്നോട്ട്‌പോകുമെന്ന പ്രഖ്യാപനം ഉണ്ടാകും. കേന്ദ്രത്തിനെതിരായ വിമർശനങ്ങളും ഉണ്ടാകാം. ഒൻപത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം. മാർച്ച് 11 നാണ് ബജറ്റ്. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ്, കെഎസ്ഇബി വിവാദം, ഗവർണ്ണർ - സർക്കാർ തർക്കം എന്നിവയൊക്കെ നിയമസഭയിൽ വലിയ ചർച്ചയാകും.

നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവയ്ക്കാനുള്ള അനുനയ ചർച്ചക്കിടെ രാജ്ഭവനിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു.  നയപ്രഖ്യാപനം അംഗീകരിക്കില്ല. ഒപ്പിടില്ലെന്നു നിലപാട് എടുത്ത ഗവർണർ ചില കാര്യങ്ങളിൽ വ്യക്തത വേണമെന്ന നിലപാട് എടുത്തതോടെ മുഖ്യമന്ത്രി നേരിട്ടെത്തി. ഒരു മണിയോടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയും ഗവർണ്ണറുമായുള്ള കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. ഗവർണ്ണർ ഭരണഘടന ബാധ്യത നിർവ്വഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതൽ സ്വീകരിച്ചത്. അഡീ.പിഎക്ക് നിയമന ശുപാർശ അംഗീകരിച്ച ശേഷം  തൻറെ ഓഫീസിന് സർക്കാർ നൽകിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായി അവഹേളനമാണെന്ന് ഗവർണ്ണർ തുറന്നടിച്ചു. നിയമനത്തിന്റെ വഴികൾ എണ്ണിപ്പറയുന്നതിനിടെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് ഗവർണർ കടന്നു. പാർട്ടി കേഡർമാരെ വളർത്താൻ വേണ്ടിയാണ് മാനദണ്ഡങ്ങളില്ലാതുള്ള നിയമനവും പെൻഷനുമെന്ന് ഗവർണർ പറഞ്ഞു.

Related News