'ഗവർണറെ നിലയ്ക്ക് നിർത്തണം'; അതിരൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം

  • 17/02/2022

തിരുവനന്തപുരം: ഗവർണറെ അതിരൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. ഗവർണർ ഇന്നലെ ചെയ്തത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്നും ഗവർണറെ നിലയ്ക്ക് നിർത്തണമെന്നുമാണ് മുഖപത്രത്തിലെ വിമർശനം. ഇന്നലെ ഗവർണർ  പ്രകടിപ്പിച്ചത് പരിഹാസ്യമായ എതിർപ്പാണ്. ഗവർണർ പദവി രാഷ്ട്രീയ അൽപ്പത്തരത്തിന് ഉപയോഗിക്കരുതെന്നും സിപിഐ ആവശ്യപ്പെട്ടു.

നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവയ്ക്കാനുള്ള അനുനയ ചർച്ചക്കിടെ രാജ് ഭവനിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു.  നയപ്രഖ്യാപനം അംഗീകരിക്കില്ല. ഒപ്പിടില്ലെന്നു നിലപാടെടുത്ത ഗവർണർ ചില കാര്യങ്ങളിൽ വ്യക്തത വേണമെന്ന നിലപാട് എടുത്തതോടെ മുഖ്യമന്ത്രി നേരിട്ടെത്തി. ഒരു മണിയോടെ രാജ് ഭവനിലെത്തിയ മുഖ്യമന്ത്രിയും ഗവർണറുമായുള്ള കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. ഗവർണർ ഭരണഘടന ബാധ്യത നിർവ്വഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതൽ സ്വീകരിച്ചത്. അഡീ.പിഎക്ക് നിയമന ശുപാർശ അംഗീകരിച്ച ശേഷം  തന്റെ ഓഫീസിന് സർക്കാർ നൽകിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായി അവഹേളനമാണെന്ന് ഗവർണർ തുറന്നിടിച്ചു. നിയമനത്തിന്റെ വഴികൾ എണ്ണിപ്പറയുന്നതിനിടെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് ഗവർണർ കടന്നു. പാർട്ടി കേഡർമാരെ വളർത്താൻ വേണ്ടിയാണ് മാനദണ്ഡങ്ങളില്ലാതുള്ള നിയമനവും പെൻഷനുമെന്ന് ഗവർണർ പറഞ്ഞു.

പേഴ്‌സൺൽ സ്റ്റാഫ് നിയമനങ്ങളിൽ ചർച്ച നടത്താമെന്നായി മുഖ്യമന്ത്രി. ചർച്ചയല്ല തീരുമാനമാണ് വേണ്ടതെന്ന് ഗവർണർ നിലപാടെടുത്തു. ഭരണഘടന ബാധ്യതയും ഇതമായി കൂട്ടിക്കുഴയ്ക്കരുതെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തതോടെ ശബ്ദമുയർന്നു. ഒടുവിൽ പേഴ്‌സണൽ സ്റ്റാഫ് വിഷയം പരിശോധിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയിറങ്ങി. രാജ് ഭവനിലും എകെജി സെൻറിലും തിരിക്കിട്ട ചർച്ചകൾ. ഒടുവിൽ ഗർണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ് ഭവനെ അറിയിച്ച് പ്രശ്‌നം തണുപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു.

Related News