സ്വപ്ന സുരേഷ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിക്കും; സിഎസ്ആർ ഫണ്ടുമായി ബന്ധപ്പെട്ട പ്രവർത്തനമാകും ചുമതല

  • 17/02/2022

പാലക്കാട്: പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന എച്ച്ആർഡിഎസിൽ നിയമനം ലഭിച്ച സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ജോലിയിൽ പ്രവേശിക്കും. ആദിവാസി മേഖലകളിൽ സാമൂഹ്യ പ്രവർത്തനം നടത്തുന്ന എച്ച്ആർഡിഎസിന്റെ ഡയറക്ടറായാണ് നിയമനം. സിഎസ്ആർ ഫണ്ടുമായി ബന്ധപ്പെട്ട പ്രവർത്തനമാകും ചുമതല.

സ്വപ്ന, കേസിൽ പ്രതിയാണെങ്കിലും കോടതി കുറ്റക്കാരിയായി വിധിക്കാത്തത് കൊണ്ടാണ് നിയമനം നൽകിയതെന്നാണ് എച്ച്ആർഡിഎസിന്റെ വിശദീകരണം. ഫെബ്രുവരി 11നാണ് സ്വപ്ന സുരേഷിന് എച്ച്ആർഡിഎസ് എൻജിഒയിൽ സിഎസ്ആർ ഡയറക്ടറായി നിയമന ഉത്തരവ് ലഭിച്ചത്. പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം.

കോർപ്പറേറ്റ് കമ്പനികളിൽ നിന്ന് വിവിധ പദ്ധതികൾക്കായി കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് കണ്ടെത്തി നൽകുക, വിദേശ സഹായം ലഭ്യമാക്കാൻ പ്രവർത്തിക്കുക എന്നിവയാണ് ചുമതല. ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുന്ന സദ്ഗൃഹ എന്ന പദ്ധതിയിലേക്കാണ് ഫണ്ട് ലഭ്യമാക്കേണ്ടത്. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് ആരും ജോലി നൽകുന്നില്ലെന്നും കടുത്ത പ്രതിസന്ധിയിലാണെന്നും സ്വപ്ന പറഞ്ഞിരുന്നു. 

Related News