'സർക്കാർ വസ്തുതകൾ മറച്ചുവെക്കുന്നു': സിൽവർ ലൈനിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി സിംഗിൾ ബെഞ്ച്

  • 18/02/2022

കൊച്ചി: സിൽവർ ലൈനിൽ സംസ്ഥാന സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി സിംഗിൾ ബെഞ്ച്. സിൽവർ ലൈനുമായി ബന്ധപ്പെട്ട വസ്തുതകൾ സർക്കാർ മറച്ചു വയ്ക്കുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. സിൽവർ ലൈനുമായി ബന്ധപ്പെട്ട വിവരങ്ങൾ കോടതി തേടുമ്പോൾ അതിനെതിരെ സർക്കാർ അപ്പീൽ നൽകുന്നു. സിൽവർ ലൈൻ പദ്ധതിക്ക് കോടതി എതിരല്ലെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലാണ് കോടതി ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈൻ സർവെ തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷൻ ബെഞ്ച് ഇന്ന് വാക്കാൽ പരാമർശിച്ചതിന് പിന്നാലെയാണ് സിംഗിൾ ബെഞ്ച് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. രണ്ട് കേസുകളിലായി രണ്ട് തവണ സിംഗിൾ ബെഞ്ച് സിൽവർ ലൈൻ സർവെ നിർത്തിവെച്ചിരുന്നു. ജനുവരിയിലെ സിംഗിൾ ബെഞ്ച് ഉത്തരവ് നേരത്തെ തന്നെ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഫെബ്രുവരി ഏഴിന് പദ്ധതിയുടെ സർവെ നിർത്തിവെക്കാൻ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവും റദ്ദാക്കുമെന്നാണ് ഇന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചിരിക്കുന്നത്. സർക്കാർ അപ്പീലിലാണ് വാക്കാൽ പരമാർശം. വിശദമായ ഉത്തരവിറക്കാനായി കേസ് മാറ്റി. 

ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോൾ തന്നെ അഡ്വക്കേറ്റ് ജനറൽ, സിംഗിൾ ബെഞ്ചിന്റെ നിലപാടിൽ തന്റെ അതൃപ്തി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.  ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. ഡിവിഷൻ ബെഞ്ച് കേസിൽ വിധി പറയാൻ മാറ്റിയ കാര്യം സിംഗിൾ ബെഞ്ചിനെ അറിയിച്ചിരുന്നു. സർക്കാരിന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ സിംഗിൾ ബഞ്ച് ഉത്തരവിറക്കിയതെന്നും എജി ആരോപിച്ചു

Related News