വിവാഹം കഴിഞ്ഞ് പത്താം നാള്‍ നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

  • 19/02/2022

കോഴിക്കോട്: നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി നീറ്റോറ ചാലിൽ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മി (18) യെയാണ് ദുരൂഹ സാഹചര്യത്തിൽ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

തേജ ലക്ഷ്മിക്ക് അനക്കമില്ലെന്ന് ഭർത്താവ് ജിനു രാവിലെ വീട്ടുകാരോട് പറഞ്ഞു. തുടർന്ന് വീട്ടുകാർ ചെന്നു നോക്കിയപ്പോൾ തേജ ലക്ഷ്മി കട്ടിലിൽ കിടക്കുന്ന നിലയിലാണ് കണ്ടത്. ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയിരുന്നു. കഴിഞ്ഞ 9-ാം തീയതിയാണ് ജിനുവിന്റെയും തേജലക്ഷ്മിയുടേയും വിവാഹം നടന്നത്. ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ തേജലക്ഷ്മി ലാബ് കോഴ്സിന് ചേർന്നിരുന്നു.  മാനിപുരം കാവിൽ മുണ്ടേംപുറത്ത് പരേതനായ സുനിലിന്റെയും ജിഷിയുടെയും മകളാണ് തേജലക്ഷ്മി. 

സഹോദരങ്ങൾ: അക്ഷയ, വിശാൽ ( ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി). സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.  ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.  

Related News