കേരളത്തിലെ പ്രതിപക്ഷ നേതാവ് എങ്ങനെയാകണമെന്ന് അഞ്ച് പാർട്ടികളിൽ അലഞ്ഞു നടന്നയാൾ ഉപദേശിക്കണ്ട; ഗവർണർക്ക് സതീശന്റെ മറുപടി

  • 19/02/2022

പറവൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ പ്രതിപക്ഷ നേതാവ് എങ്ങനെയാകണമെന്ന് അഞ്ച് പാർട്ടികളിൽ അലഞ്ഞു നടന്നയാൾ ഉപദേശിക്കണ്ടെന്ന് സതീശൻ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാന് ഗവർണറാകാൻ യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരുമായി ഗവർണർ വിലപേശുകയാണെും ചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്നും സതീശൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കണം എന്ന് ഗവർണർ പറഞ്ഞിരുന്നു.

ഇതിനു മറുപടിയായി ആരുടെ ഉപദേശം കേട്ടാലും അഞ്ച് പാർട്ടികളിൽ അലഞ്ഞു നടന്ന ഗവർണറുടെ ഉപദേശം കേൾക്കാൻ തയ്യാറാകില്ലെന്നാണ് വി ഡി സതീശൻ പറഞ്ഞത്. രാഷ്ട്രീയ സ്ഥിരതയില്ലാത്ത അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കില്ലെന്നും സതീശൻ പറഞ്ഞു. കേരളത്തിലെ സിപിഎം നേതാക്കളും കേന്ദ്രത്തിലെ ബിജെപി നേതാക്കളും തമ്മിൽ ഒത്തുകളിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

നേരത്തെ പ്രതിപക്ഷ നേതാവിനെതിരെ വിമർശനവുമായി ഗവർണർ രംഗത്തുവന്നിരുന്നു. എങ്ങനെയാണ് വിഷയങ്ങളിൽ പ്രതികരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവിന് അറിയില്ല. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് ചെന്നിത്തലയോടും ഉമ്മൻ ചാണ്ടിയോടും വി.ഡി. സതീശൻ ചോദിച്ച് മനസ്സിലാക്കണം എന്നായിരുന്നു ഗവർണറുടെ പ്രതികരണം. അതേസമയം മുൻ മന്ത്രി ബാലനെയും വിമർശിച്ചു. അദ്ദേഹം വളരാൻ ശ്രമിക്കുന്നില്ല. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ബാലൻ മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകർഷിക്കാനായി ബാലിശമായി പെരുമാറുന്നുവെന്നും ഗവർണർ പരിഹസിച്ചു.

Related News