പെൻഷൻ പ്രായം ഉയർത്തൽ: അനുകൂലിച്ച് ജീവനക്കാർ, എതിർത്ത് യുവാക്കൾ

  • 20/02/2022

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കി വർദ്ധിപ്പിക്കുന്നതിൽ സർവീസ് സംഘടനകളും യുവജന സംഘടനകളും വ്യത്യസ്ത തട്ടിൽ. പെൻഷൻ പ്രായം 58 ആക്കണമെന്നാണ് ഭരണാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്‌ളോയിസ് അസോസിയേഷന്റെ ശക്തമായ ആവശ്യം.സി.പി.എം യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇങ്ങനെയൊരു തീരുമാനം വന്നാൽ ശക്തമായി എതിർക്കാനാണ് സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിളിച്ചു ചേർത്ത യോഗത്തിൽ എല്ലാവരും ഇത്തരത്തിലുള്ള അഭിപ്രായം പ്രകടിപ്പിച്ചതായാണ് അറിയുന്നത്.

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടുന്നത് സർക്കാർ ആലോചിച്ചിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. അത്തരം നിർദ്ദേശങ്ങൾ പല സമിതികളും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും സർക്കാർ പരിഗണിച്ചിട്ടില്ല.ഏറ്റവുമൊടുവിൽ ചെലവുകുറയ്ക്കാനുള്ള നിർദ്ദേശങ്ങളുടെ കൂട്ടത്തിലും അതുണ്ട്. എന്നാൽ അത്തരം പരിഷ്‌ക്കാരങ്ങൾ നടപ്പാക്കാൻ തടസ്സങ്ങളുണ്ട്. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടണമെന്ന നിർദ്ദേശമുണ്ടെങ്കിലും സർക്കാർ ഇക്കാര്യത്തിൽ ചർച്ചയൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല.അതേ സമയം ജീവനക്കാരുടെ പുനർവിന്യാസത്തിലൂടെ പുതിയ നിയമനങ്ങൾ നിയന്ത്രിക്കും.

സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നതിന് പ്രത്യേകിച്ച് ന്യായീകരണമൊന്നുമില്ല. ഇപ്പോൾ തന്നെ 2014 മുതൽ ജോലിക്ക് കയറിയ, പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ടവരുടെ പെൻഷൻ പ്രായം 60 വയസാണ്. അതിനു ശേഷം സർവീസിൽ കയറിയവർക്കും അതു തന്നെയാണ് ബാധകം. പഴയ ജീവനക്കാർക്കാണ് മുഴുവൻ സർക്കാർ പെൻഷൻ കിട്ടുന്നത്. അവരുടെ വിരമിക്കൽ പ്രായം നിലവിൽ 56 ആണ്. ഓരോ വർഷം കഴിയുന്തോറും ഓരോ മാസം കഴിയുന്തോറും ഈ പെൻഷൻകാരുടെ എണ്ണം റിട്ടയർമെന്റിലൂടെ കുറയുകയാണ്. അതു കൊണ്ട് നിലവിലുള്ള രീതി തുടരുന്നതാണ് സർക്കാരിനും ജീവനക്കാർക്കും എല്ലാവർക്കും നല്ലത്.

Related News