സജീവൻറെ മരണം; ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്, ആറ് പേർക്ക് സസ്‌പെൻഷൻ

  • 20/02/2022

കൊച്ചി: ഭൂമി തരം മാറ്റ അപേക്ഷയുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്ത് സജീവൻ എന്ന മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത കേസിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഫോർട്ട് കൊച്ചി റവന്യൂ  ഡിവിഷണൽ ഓഫീസിലെ ആറ് ഉദ്യോഗസ്ഥരെയാണ് സർക്കാർ സസ്‌പെൻറ് ചെയ്തത്. സജീവൻറെ അപേക്ഷ കൈകാര്യം ചെയ്തതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്ന ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി. പറവൂർ മാല്യങ്കര സ്വദേശിയായ മൽസ്യത്തൊഴിലാളി സജീവൻ കഴിഞ്ഞമാസം നാലിനാണ് ആത്മഹത്യ ചെയ്തത്. ആധാരത്തിൽ നിലം എന്നത് പുരയിടം എന്നാക്കി മാറ്റാൻ ഒരുവർഷം സജീവൻ സർക്കാർ ഒഫീസുകൾ കയറിയിറങ്ങി. 

ഏറ്റവും ഒടുവിൽ ഫോർട്ടുകൊച്ചി ആർഡിഒ ഓഫീസിലെ ജീവനക്കാർ സജീവനെ അപമാനിച്ച് ഇറക്കിവിട്ടു. തുടർന്ന് രാത്രി വീട്ടുവളപ്പിലെ മരത്തിൽ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സംഭവം വൻ വിവാദം ആയതിനെ തുടർന്ന് സർക്കാർ ലാൻഡ് റവന്യൂ ജോയിൻറ് കമ്മിഷണറെ അന്വേഷണത്തിന നിയോഗിച്ചു. സജീവൻറെ അപേക്ഷ കൈകാര്യം ചെയ്തതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്ന ജോയിൻറ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആർഡി ഓഫീസിലെ ആറ് ഉദ്യോഗസ്ഥരെ സർക്കാർ സസ്‌പെൻറ് ചെയ്തത്. 

ഒരു ജൂനിയർ സുപ്രണ്ട്, മൂന്ന് ക്ലർക്കുമാർ, രണ്ട് ടൈപ്പിസ്റ്റുകൾ എന്നിവർക്കെതിരെയാണ് നടപടി. ജൂനിയർ സൂപ്രണ്ട് സി ആർ ഷനോജ് കുമാർ, സീനിയർ ക്ലർക്കുമാരായ സി ജെ ഡെൽമ, ഒ ബി അഭിലാഷ്, സെക്ഷൻ ക്ലർക്ക് മുഹമ്മദ് അസ്ലാം, ടൈപ്പിസ്റ്റുകളായ കെ സി നിഷ, ടി കെ ഷമീം എന്നിവരാണിവർ. 

Related News