സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെ മുതൽ പൂർണ തോതിൽ ക്ലാസുകൾ; ആശങ്ക വേണ്ടെന്ന് മന്ത്രി

  • 20/02/2022

സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെ മുതൽ പൂർണ തോതിൽ ക്ലാസുകൾ ആരംഭിക്കും. 47 ലക്ഷം വിദ്യാർഥികളാണ് സ്‌കൂളിലെത്തുക. ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഒരിടവേളക്ക് ശേഷം സ്‌കൂളുകൾ വീണ്ടും സാധാരണ നിലയിലാവുകയാണ്. പ്രീ പ്രൈമറി ഒഴികെയുള്ള ക്ലാസുകളാണ് പഴയ രീതിയിൽ തുടങ്ങുന്നത്. ഒന്ന് മുതൽ 10 വരെ 38 ലക്ഷവും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളവും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ അറുപതിനായിരത്തോളം വിദ്യാർഥികളും ക്ലാസുകളിലെത്തും. ഒരു ലക്ഷത്തിൽപരം അധ്യാപകരും സ്‌കൂളുകളിലുണ്ടാകും.

പ്രീപ്രൈമറി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ ദിവസം 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ഉച്ച വരെ ക്ളാസുണ്ടാകും. എട്ടാം ക്ലാസു വരെയുള്ള വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. യൂണിഫോമിലും ഹാജറിലും കടുംപിടുത്തം വേണ്ടെന്നാണ് നിർദേശം. ഇന്നലെ ആരംഭിച്ച സ്‌കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഇന്നും തുടരും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സ്‌കൂൾ നടത്തിപ്പെന്നും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Related News