ടെറസിലെ ക്യാബിനില്‍ ഇരുന്നു; പോലീസിനെ ഭയന്ന് ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് ചാടി യുവാവും യുവതിയും

  • 20/02/2022

തൃശൂർ: തൃശൂർ ചാവക്കാട് ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് ചാടി യുവാവും യുവതിയും.  രാവിലെ 11 മണിയോടെയാണ് സംഭവം. ഇരുപത്തിമൂന്നുകാരൻ അക്ഷിതും പതിനെട്ടുകാരി സ്മിനയുമാണ് പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. ഇരുവരും സുഹൃത്തുക്കളും അയൽവാസികളുമാണ്. 

ചാവക്കാട് നഗരസഭയുടെ പഴയ കെട്ടിടത്തിൽ സംഗീത സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടത്തെ വിദ്യാർത്ഥികളാണ് അക്ഷിതും സ്മിതയും. ടെറസിലെ ഗ്രില്ല് അകത്ത് നിന്ന് പൂട്ടിയിരുന്നു. സ്കൂൾ അധികൃതർ നിലവിലെ താക്കോലിട്ട് തുറക്കാൻ ശ്രമിച്ചപ്പോൾ തുറക്കാന്‍ സാധിച്ചില്ല. ഉള്ളിൽ നിന്ന് ആരോ മറ്റൊരു താഴിട്ട് പൂട്ടിയതായി ഇവര്‍ക്ക് മനസിലായി. കള്ളൻമാരാണെന്ന് കരുതി സ്ഥാപന നടത്തിപ്പുകാർ പോലീസിനെ വിളിച്ചു. ഈ സമയത്ത് ടെറസിലെ താൽക്കാലിക ക്യാബിനില്‍ യുവാവും യുവതിയും ഉണ്ടായിരുന്നു. 

പോലീസ് എത്തുമെന്ന് സൂചന ലഭിച്ചതോടെ ആരും കാണാതെ രക്ഷപ്പെടാൻ ഇരുവരും ടെറസിൽ നിന്ന് തൊട്ടടുത്ത കെട്ടിടത്തിലേയ്ക്കു ചാടുകയായിരുന്നു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി യുവാവിനേയും യുവതിയേയും ആശുപത്രിയിലേയ്ക്കു മാറ്റി. ആശുപത്രിയിൽ കഴിയുന്ന ഇരുവർക്കും ദേഹത്ത് ഒടിവും ചതവുമുണ്ട്. പെൺകുട്ടി പാട്ടുപഠിക്കാനും യുവാവ് ഗിറ്റാർ പഠിക്കാനുമാണ് ഈ കെട്ടിടത്തിലെ സ്ഥാപനത്തിൽ വരാറുള്ളത്. നേരത്തേയും ഇരുവരും ടെറസിലെ താൽക്കാലിക ക്യാബിനില്‍ വരാറുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. 

Related News