അന്തരിച്ച എംഎൽഎ പി ടി തോമസിന് നിയമസഭയുടെ ആദരാഞ്ജലി ഇന്ന്

  • 20/02/2022

തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എംഎൽഎ പി ടി തോമസിന് നിയമസഭ ഇന്ന് ആദരാഞ്ജലി അർപ്പിക്കും. ഇന്നത്തെ കാര്യപരിപാടിയിൽ ചരമോപചാരം മാത്രമാണുള്ളത്. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കക്ഷി നേതാക്കളും അനുസ്മരണ പ്രഭാഷണം നടത്തും. നാളെ മുതൽ മൂന്ന് ദിവസം ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയാണ്. ഭരണ-പ്രതിപക്ഷ അംഗങ്ങൾ ചർച്ചയിൽ ഗവർണ്ണറെ വിമർശിക്കാനിടയുണ്ട്. വെല്ലൂരിൽ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു പി ടിയുടെ വിയോഗം. 

വ്യക്തിജീവിതത്തിലും രാഷ്ടീയത്തിലും വിപ്ലവകരമായ നിലപാടുകളിലൂടെ അഞ്ച് പതിറ്റാണ്ടുകാലം കേരള രാഷ്ടീയത്തിൽ നിറഞ്ഞുനിന്ന നേതാവാണ് പി ടി തോമസ്. ഗാഡ്ഗിൽ  - കസ്തൂരിരംഗൻ റിപ്പോർട്ടിൻറെ പേരിൽ സഭയും വിശ്വസിച്ച പ്രസ്ഥാനവും കൈയ്യൊഴിഞ്ഞപ്പോഴും സ്ഥാനമാനങ്ങൾക്കായി നിലപാടിൽ വെളളംചേർക്കാൻ പി ടി തോമസ് തയാറായില്ല. തിരിച്ചടികൾ ഉണ്ടായപ്പോഴെല്ലാം  ഉയർത്തെഴുനേൽക്കുന്ന പി ടി തോമസിനെയും കേരളീയ പൊതുസമൂഹം കണ്ടു. നിയമസഭാ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്കുശേഷം സംസ്ഥാനത്തെ കോൺഗ്രസിനെ കൈപിടിച്ചുയർത്താനുളള ചുമതല ഏറ്റെടുത്ത് അധികം കഴിയുംമുമ്പാണ് പി ടി വിടവാങ്ങിയത്. 

അന്ത്യാഭിലാഷം പോലെ പി ടി തോമസിന് അമ്മയുടെ കല്ലറയിലാണ് അന്ത്യവിശ്രമം ഒരുക്കിയത്. കെ പി സി സി വർക്കിങ് പ്രസിഡൻറായിരുന്ന പി ടി തോമസിൻറെ ചിതാഭസ്മം ഇടുക്കി ഉപ്പുതോട്ടിലുളള കുടുംബകല്ലറയിൽ സംസ്‌കരിക്കുകായിരുന്നു. നൂറുകണക്കിന് പ്രവർത്തകരുടെ ആദരം ഏറ്റുവാങ്ങിയാണ് ചിതാഭസ്മം എറണാകുളത്തുനിന്ന് ജന്മനാട്ടിൽ എത്തിച്ചത്.

Related News