സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പതിനേഴ് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി

  • 26/02/2022



റിയാദ്: സൗദി അറേബ്യയിലെ അബഹ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പതിനേഴ് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. മൂന്ന് മലയാളികളും ഇവരില്‍ ഉള്‍പ്പെടുന്നു. മുപ്പത്തിയഞ്ച് ഇന്ത്യക്കാരാണ് അബഹ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നത്. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിലാണ് ഇവരില്‍ പതിനേഴ് പേര്‍ യാത്രതിരിച്ചത്.

അസീർ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം അംഗവുമായ ബിജു കെ നായരുടെ ശ്രമഫലമായാണ് നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാർക്ക് നാടണയാൻ സാധിച്ചത്.  അബഹ നാടുകടത്തൽ കേന്ദ്രം ജവാസാത്ത്‌ മേധാവി കേണൽ മുഹമ്മദ്‌ മാന അൽ ബിഷറി, ഉപമേധാവി സാലിം ഖഹ്‍താനി, ജിദ്ദയിലെ ഇന്ത്യന്‍ കോൺസുൽ ജനറൽ മുഹമ്മദ്‌ ഷാഹിദ് ആലം, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അബഹ നാടുകടത്തൽ  കേന്ദ്രം എന്നിവിടങ്ങളിലെ മറ്റ്  ഉദ്യോഗസ്ഥരും നൽകിയ നിസ്സീമമായ സഹകരണമാണ് നിയമപരമായ തടസ്സങ്ങൾ നീക്കി ഇന്ത്യക്കാരെ വേഗത്തിൽ നാട്ടിലയക്കാൻ സഹായകരമായത്.

നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന ബാക്കിയുള്ള പതിനെട്ടു പേരുടെ നിയമ തടസ്സങ്ങൾ ഒരാഴ്‍ചക്കകം പരിഹരിച്ച് അവരെയും എത്രയും പെട്ടെന്ന് നാട്ടിലേക്കയക്കുമെന്ന് ബിജു കെ നായർ അറിയിച്ചു.  അസീർ ഇന്ത്യൻ അസോസിയേഷൻ അംഗങ്ങളും അബഹയിലെ സാമൂഹ്യ പ്രവർത്തകരുമായ മോഹൻദാസ് ആറന്മുള, പ്രകാശൻ നാദാപുരം, ഗഫൂർ പയ്യാനക്കൽ, ബിനു ജോസഫ് തുടങ്ങിയവരും സഹായങ്ങൾക്കായി ബിജു കെ നായർക്കൊപ്പം ഉണ്ടായിരുന്നു.

Related News