ബഹ്‌റൈനിൽ ഇനി പൊതു ഇടങ്ങളിൽ മാസ്ക് വേണ്ട

  • 29/03/2022


മനാമ : ബഹ്‌റൈനിൽ ഇനി പൊതു ഇടങ്ങളിൽ മാസ്ക് ധാരണം നിർബന്ധമല്ലെന്ന് ദേശീയ ആരോഗ്യ കർമസമിതി അറിയിച്ചു. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെയാണ് നടപടി. 

കോവിഡ് അവലോകനയോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. പൊതുജനങ്ങൾ മാസ്ക് ധരിക്കൽ നിർബന്ധമല്ലെങ്കിലും, വയോധികർ അടക്കമുള്ള പ്രതിരോധശേഷി കുറഞ്ഞവർ തുടർന്നും മാസ്ക് ധരിക്കുന്നതാണ് ഉചിതമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. റമദാന് ആഗതമായതിനാൽ ഇഫ്താറുകളിലും മജ്ലിസുകളിലും പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളും കർമസമിതി വിശദീകരിച്ചു. മജ്ലിസുകൾ തുറന്ന ഇടങ്ങളിൽ നടത്താൻ ശ്രമിക്കണം. അടച്ചിട്ട ഇടത്താണ് മജ്ലിസെങ്കിൽ മാസ്ക് ധരിക്കുന്നതാണ് ഉചിതം. 

ഭക്ഷണപാനീയങ്ങൾ ഒരേ പാത്രത്തിൽ നിന്ന് കഴിക്കരുതെന്നും നിർദ്ദേശമുണ്ട്. സമ്പർക്കസാധ്യത കൂടുതലുള്ള ഡോർ ഹാൻഡിലുകൾ, കുളിമുറികൾ, ഡൈനിങ് ടേബിളുകൾ മുതലായവ ഇടക്കിടെ അണുവിമുക്തമാക്കുകയും വേണം. പ്രായമായവരും, ഗുരുതരമായ അസുഖങ്ങൾ ഉള്ളവരും മജ്ലിസുകളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Related News