സൗദിയിൽ കുരങ്ങുപനി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

  • 24/05/2022



റിയാദ്: സൗദി അറേബ്യയിൽ കുരങ്ങുപനി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം കണ്ടെത്തിയാൽ ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയിട്ടുണ്ട്. സുസജ്ജമായ മെഡിക്കൽ സൗകര്യങ്ങളും ലാബ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

കുരങ്ങുപനി (വാനര വസൂരി, മങ്കിപോക്സ്‌) ആണെന്ന് സംശയിക്കുന്ന കേസുകൾ നിരീക്ഷിക്കാനും സ്ഥിരീകരിക്കാനും അണുബാധയെ ചെറുക്കാനും രാജ്യത്തെ ആരോഗ്യമേഖല പ്രാപ്‍തമാണെന്ന് ആരോഗ്യ ഉപമന്ത്രി ഡോ. അബ്‍ദുല്ല അസിരി പറഞ്ഞു. രോഗം സംശയിക്കപ്പെടുന്ന കേസുകളുടെ സൂക്ഷ്‍മപരിശോധന നടത്താനും ഏത് രോഗമാണെന്ന്  സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനങ്ങളും ശാസ്ത്രീയമായ സാങ്കേതിക സൗകര്യങ്ങളും രാജ്യത്തെ എല്ലാ പ്രധാന ലബോറട്ടറികളിലും ലഭ്യമാണ്. 

മനുഷ്യർക്കിടയിൽ കുരങ്ങുപനി പകരുന്ന കേസുകൾ വളരെ പരിമിതമാണെന്നും കേസുകൾ കണ്ടെത്തിയ രാജ്യങ്ങളിൽനിന്ന് അവ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ വിവിധ രാജ്യങ്ങളിൽ കുരങ്ങുപനിയുടെ വ്യാപന ഭീഷണിയുള്ളതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. 


11 രാജ്യങ്ങളിലായി 80ഓളം പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. സംശയാസ്‍പദമായ 50 കേസുകൾകൂടി വിവിധ രാജ്യങ്ങളിൽ പരിശോധനയിലാണ്

Related News