നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകള്‍ക്ക് പേര് നിര്‍ദേശിച്ച് പ്രധാനമന്ത്രി

  • 25/09/2022

ദില്ലി: നമീബിയയില്‍ നിന്ന് ഇന്ത്യന്‍ മണ്ണിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദ്ദേശിക്കാം. മന്‍ കീ ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്തിന്റെ സംസ്‌കാരത്തോട് ചേര്‍ന്നു നില്‍ക്കുന്ന പേരായിരിക്കണം. മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയും നിര്‍ദ്ദേശങ്ങള്‍ നല്‍കാം. മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

നമീബിയയില്‍ നിന്നും എത്തിയ ചീറ്റകളെ കുനോ ദേശീയോദ്യാനത്തില്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുറന്നുവിട്ടത്. എട്ട് ചീറ്റകളെയാണ് ക്വാറന്റീനായി തുറന്നുവിട്ടത്. കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകള്‍ ഇന്ത്യയിലെത്തിയതോടെ 13 വര്‍ഷത്തെ പ്രയത്നമാണ് സാക്ഷാത്കരിച്ചത്.


ബോയിങ് 747 കാര്‍ഗോ വിമാനത്തിലാണ് പ്രത്യേക കൂടുകളില്‍ 8 ചീറ്റകളെ നമീബിയയിലെ വിന്‍ഡ്‌ഹോക് വിമാനത്താവളത്തില്‍ നിന്ന് മധ്യപ്രദേശിലെ ഗ്വാളിയര്‍ വിമാനത്താവളത്തിലിറക്കിയത്. തുടര്‍ന്ന് സംസ്ഥാനത്തു തന്നെയുള്ള കുനോ ദേശീയോദ്യാനത്തിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിക്കുകയായിരുന്നു.

ചീറ്റകളില്‍ 5 പെണ്ണും 3 ആണുമുണ്ട്. പെണ്‍ ചീറ്റകള്‍ക്ക് 2-5 വയസ്സും ആണ്‍ ചീറ്റകള്‍ക്ക് 4.5 -5.5 വയസ്സുമാണ് പ്രായം. ആണ്‍ ചീറ്റകളില്‍ രണ്ടെണ്ണം സഹോദരന്മാരാണ്. 6 ആഴ്ചയ്ക്കുള്ളില്‍ ആണ്‍മൃഗങ്ങളെയും 4 ആഴ്ചയ്ക്കുള്ളില്‍ പെണ്‍മൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നുവിടും.

 

Related News