ഫോക്ക് പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 ന്

  • 03/10/2022

 

കുവൈത്ത് സിറ്റി : കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 വെള്ളിയാഴ്ച്ച മഹബുള്ള ഇന്നോവ ഇന്റർനാഷണൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. രാവിലെ 9:30 ന് ഫോക്ക് അംഗങ്ങൾക്കായി നടത്തുന്ന ആർട്സ് ഫെസ്റ്റിന്റെ മൂന്നാംഘട്ട മത്സരങ്ങളോടെ പരിപാടികൾ ആരംഭിക്കും. വൈകുന്നേരം 4 മണിക്ക് സാംസ്കാരിക സമ്മേളനവും തുടർന്ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ വിധു പ്രതാപ്, രഞ്ജിനി ജോസ്, ശിഹാബ് ഷാൻ , ഷബാന എന്നിവർ ചേർന്ന് നയിക്കുന്ന ഗാനമേളയും പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരാവത്ത് അവതരിപ്പിക്കുന്ന മെന്റലിസം ഷോയും അരങ്ങേറും. 

കണ്ണൂർ മഹോത്സവ വേദിയിൽ വെച്ച് ഈ വർഷം പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ ഫോക്ക് അംഗങ്ങളുടെ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡ് വിതരണവും നടത്തുന്നതാണ്. കണ്ണൂർ ജില്ലയിലെ വിവിധമേഖലകളിൽ സ്തുത്യർഹസേവനം/സമഗ്ര സംഭാവന ചെയ്ത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ നൽകി വരുന്ന ഗോൾഡൻ ഫോക്ക് അവാർഡ് ഈ മാസം കണ്ണൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കൈമാറും. അദ്ധ്യാപന മേഖലയിൽ ഏർപ്പെടുത്തിയ അവാർഡിന് കണ്ണൂർ ധർമ്മശാല മാതൃക അന്ധവിദ്യാലയത്തിന്റെ പ്രിൻസിപ്പൽ ശ്രീ. സി വി നാരായണൻ മാസ്റ്ററാണ് അർഹനായത്.

 പതിനേഴാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ നാറാത്ത് സ്വദേശിനിയായ അജിതയ്ക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി, ജനറൽ സെക്രട്ടറി ലിജീഷ് പി, ട്രഷറർ രജിത്ത് കെ.സി, കണ്ണൂർ മഹോത്സവം ജനറൽ കൺവീനർ മഹേഷ് കുമാർ, അവാർഡ് കമ്മിറ്റി കൺവീനർ ജിതേഷ് എം.പി, വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related News