വെള്ളി പാദസരം മോഷ്ടിക്കാനായി നൂറു വയസ്സുള്ള വയോധികയുടെ കാലുകൾ വെട്ടിമാറ്റി, ക്രൂരത

  • 09/10/2022

ജയ്പൂ‍‍ര്‍: രാജസ്ഥാനില്‍ പാദസരം മോഷ്ടിക്കാനായി നൂറുവയസുള്ള വയോധികയുടെ കാലുകൾ വെട്ടിമാറ്റി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ഞായറാഴ്ച പുല‍ര്‍ച്ചെ ഗൽട്ട ഗേറ്റിലെ മീന കോളനിയിലാണ് സംഭവം. വെള്ളി പാദസരം മോഷ്ടിക്കാനായിരുന്നു മോഷ്ടാക്കള്‍ ജമുന ദേവി എന്ന വൃദ്ധയുടെ കാലുകള്‍ വെട്ടിയത്.

കവ‍ര്‍ച്ചാ സമയത്ത് ജമുന ദേവി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മകളോടൊപ്പമായിരുന്നു അവ‍ര്‍ രാത്രി ഉറങ്ങാൻ കിടന്നത്. മകൾ രാവിലെ ക്ഷേത്രത്തിലേക്ക് പോയി. ഈ സമയം വീട്ടിലെത്തിയ മോഷ്ടാക്കള്‍ ജമുനാ ദേവിയെ വീടിനോട് ചേ‍ര്‍ന്നുള്ള കുളിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. പാദസരം ഊരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുട‍ര്‍ന്നാണ് മൂ‍ര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ഇരു കാൽപാദങ്ങളും അറുത്തുമാറ്റി പാദസരം കൈക്കലാക്കിയത്.

മുറിച്ചെടുത്ത കാൽപാദങ്ങളും ആയുധവും മോഷ്ടാക്കള്‍ അവിടെ തന്നെ ഉപേക്ഷിച്ചു. ഏറെ നേരം രക്തം വാര്‍ന്ന് കിടന്ന സ്ത്രീയെ മകൾ ക്ഷേത്രത്തിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് പോലീസിനെ അറിയിച്ചു.  ആയുധങ്ങൾ കണ്ടെത്തിയെന്നും പ്രതികൾക്കായി തിരച്ചില്‍ ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.

Related News