എഐസിസി നേതൃത്വത്തിനെതിരെ വിമർശനം കടുപ്പിച്ച് തരൂർ; ഉന്നതങ്ങളിൽ നിന്ന് വലിയ സമ്മർദ്ദമുണ്ടെന്ന് വെളിപ്പെടുത്തൽ

  • 10/10/2022

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ എഐസിസി നേതൃത്വത്തിനെതിരെ വിമർശനം കടുപ്പിച്ച്  ശശി തരൂർ. ഗാന്ധി കുടുംബത്തിനും തെരഞ്ഞെടുപ്പ് സമിതിക്കുമപ്പുറം ചിലർ കാര്യങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് ശശി  തരൂർ കുറ്റപ്പെടുത്തി. അതേസമയം, പിസിസികൾക്കെതിരായ ശശി തരൂരിൻറെ പരാതി തെരഞ്ഞെടുപ്പ് സമിതി ഉടൻ പരിഗണിക്കില്ല.

എല്ലായിടത്തും  മല്ലികാർജ്ജുൻ ഖാർഗെക്ക് ഊഷ്മള  സ്വീകരണമാണ്. ഖാർഗെക്ക് വേണ്ടി വോട്ട് തേടാൻ പ്രധാന നേതാക്കളെല്ലാം രംഗത്തെത്തി. മറുവശത്ത് ആൾബലമില്ലാതെ ശശി തരൂരുമുണ്ട്. പിന്തുണച്ചവർ പോലും ഭയന്നിട്ടെന്നവണ്ണം മാറി നിൽക്കുന്നു. പോരാത്തതിന് അപൂർണ്ണമായ വോട്ടർ പട്ടികയും. തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാൻ എഐസിസിസി തലപ്പത്ത് നിന്ന് ഉന്നത തല ഇടപെടലുണ്ടായെന്നാണ് തരൂർ കരുതുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഗാന്ധി കുടുംബവും, തെരഞ്ഞെടുപ്പ് സമിതിയും ആവർത്തിക്കുന്നു. എങ്കിൽ പിന്നെ ഖാർഗെക്ക് പിന്നിൽ മുഴുവൻ സംവിധാനവും അണിനിരക്കുന്നതെന്തിനെന്ന ചോദ്യമാണ്  തരൂർ ഉന്നയിക്കുന്നത്. 

ഉന്നതങ്ങളിൽ നിന്ന് വലിയ സമ്മർദ്ദമുണ്ടെന്ന് വോട്ടർമാർ തന്നോട് പറഞ്ഞതായി ചില ഇംഗ്ലീഷ് മാധ്യമങ്ങളോട് ശശി തരൂർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആരാണെന്ന കാര്യം ശശി തരൂർ വ്യക്തമാക്കിയിട്ടില്ല. ഈ സമ്മർദ്ദമുള്ളപ്പോൾ പ്രചാരണ രംഗത്ത് തുടർന്നങ്ങോട്ടും തണുപ്പൻ പ്രതികരണമേ കിട്ടുകയുള്ളൂവെന്നാണ് ശശി തരൂർ ക്യാമ്പിൻറെ വിലയിരുത്തൽ. പരസ്യ പിന്തുണ അറിയിച്ച പിസിസികൾക്കെതിരായ ശശി തരൂരിൻറെ പരാതിയിൽ തുടർ നടപടി തൽക്കാലെ വേണ്ടെന്ന് തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചതും ഈ പശ്ചാത്തലത്തിലാണ്.

Related News