നോട്ട് നിരോധനം: റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്

  • 12/10/2022

ദില്ലി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.


കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ ന്യൂനത മുന്‍ ധനകാര്യ മന്ത്രി കൂടിയായ പി.ചിദംബരം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ ഇടപെടല്‍. റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗത്തിന്റെ രേഖകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ അടക്കം വിശദമായി സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഹര്‍ജികള്‍ അടുത്തമാസം 9 ന് വീണ്ടും പരിഗണിക്കും . നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു 58 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നു ഹരജികളില്‍ ആരോപിക്കുന്നു.

സര്‍ക്കാര്‍ എടുക്കുന്ന നയപരമായ തീരുമാനങ്ങള്‍ പരിശോധിക്കുന്നതില്‍ ജുഡീഷ്യറിക്കുള്ള ലക്ഷമണരേഖയെക്കുറിച്ച്‌ അറിയാമെന്നും എങ്കിലും 2016-ലെ നോട്ട് നിരോധനത്തെ ഒരു അക്കാദമിക് വിഷയം മാത്രമായി കണ്ടു തള്ളാനാവില്ലെന്നും ജസ്റ്റിസ് എന്‍.എ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഒരു പ്രശ്‌നം ഉയര്‍ന്നുവരുമ്ബോള്‍ അതില്‍ വ്യക്തത വരുത്തേണ്ട കടമ തങ്ങള്‍ക്കുണ്ടെന്നും ബെഞ്ചില്‍ നിന്നും പരാമര്‍ശമുണ്ടായി.

2016-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ ഏറെക്കാലം ഈ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണന കാത്ത് കിടന്നു. 2016 ഡിസംബറിലാണ് ആദ്യമായി ഈ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് മുന്‍പിലെത്തിയത്. എന്നാല്‍ ബെഞ്ചില്‍ ഉള്‍പ്പെട്ട ജഡ്ജിമാര്‍ വിരമിച്ചതിന് പിന്നാലെ ഈ ഹര്‍ജികള്‍ വീണ്ടും പെരുവഴിയിലായി.

Related News