സഹവർത്തിത്വ വിജ്ഞാന സമ്പാദനത്തിന്റെ പുതുവഴികൾ തേടി കുവൈറ്റിലെ ഇന്ത്യൻ കമ്മ്യുണിറ്റി സ്കൂൾ

  • 14/10/2022



വിദ്യാർത്ഥികളുടെ വായനാശീലവും പൊതുവിജ്ഞാനവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ICSK സീനിയറിന്റെ ഒരു സംരംഭമാണ് ക്വിസ് എക്‌സ്‌പ്ലോറ (ഇന്റർ ഹൗസ് ക്വിസ് മത്സരം). ആഗോള നിലവാരങ്ങളെ കവച്ചുവെക്കാൻ ഇന്ത്യൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം സാധൂകരിക്കും വിധം പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയാണ് ICSK യ്ക്ക് നേതൃത്വം കൊടുക്കുന്ന ധിഷണാശാലികൾ!

ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളിൽ വായനാശീലം കുറഞ്ഞുവരുന്നതായി പഠനങ്ങൾ പറയുന്നു. കോവിഡ് മഹാമാരി സാമൂഹിക വേലിക്കെട്ടുകൾ തീർത്ത കഴിഞ്ഞ വർഷങ്ങളിൽ   
വിദ്യാർത്ഥിസമൂഹത്തിന്റെ സമഗ്ര സാങ്കേതിക പുരോഗമനം തടസ്സപ്പെട്ടിരുന്നു. നേരിട്ടുള്ള ബൗദ്ധിക സംവേദന സങ്കേതങ്ങൾ പഴയപടി വേഗത്തിൽ പുനഃസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ ഇന്ത്യൻ കമ്മ്യുണിറ്റി സ്കൂൾ - കുവൈറ്റ് ഫലപ്രദവും പ്രായോഗികമെന്നു തെളിയിക്കപ്പെട്ടതുമായ മാർഗ്ഗങ്ങളെ
ഉപയോഗപ്പെടുത്താനുള്ള പരിശ്രമം തുടരുന്നു.

വിദ്യാർത്ഥികൾക്ക് പൊതുവിജ്ഞാന സമ്പാദനത്തിനും വിനിയോഗത്തിനും ധാരാളം അവസരങ്ങൾ നൽകുന്ന വ്യത്യസ്തമായ പദ്ധതിയാണ് ICSK തനതായി ആവിഷ്കരിച്ച "ക്വിസ് എക്സ്പ്ലോറ". ICSK-യുടെ എല്ലാ വിദ്യാർത്ഥികളും ഈ ബൃഹത്‌സംരംഭത്തിന്റെ ഭാഗമാകും.

ഇന്റർ ഹൗസ് ക്വിസ് മത്സരങ്ങളുടെ ഉദ്ഘാടനം ഒക്ടോബര് 10 തിങ്കളാഴ്ച്ച നടന്നു. ഇടവിട്ട വ്യാഴാഴ്ചകളിൽ ഒരു മണിക്കൂർ പ്രത്യേകം "ക്ലാസ് ക്വിസ് കമ്മറ്റി"കളുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ അടിസ്ഥാനമത്സരങ്ങൾ ആദ്യ ഘട്ടത്തിൽ നടക്കും. വിദ്യാർഥികൾ തന്നെ ക്വിസ് മാസ്റ്റർമാരായും ടൈം കീപ്പർമാരായും പാനൽ എക്സ്പെർട്ടുമാരായും ജഡ്‌ജിമാരായും ഒക്കെ വരുന്ന പ്രാഥമിക മത്സരങ്ങളിൽത്തന്നെ എല്ലാ കുട്ടികൾക്കും ക്വിസിന്റെ എല്ലാ മേഖലകളിലുമുള്ള പൊതുമാനദണ്ഡങ്ങളിൽ
പരിചയം നേടാനാകും. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വിവിധ ഘട്ടങ്ങളായാണ് ഓരോ റൗണ്ട് മത്സരങ്ങളും വിന്യസിച്ചിട്ടുള്ളത്.

ഓരോ ഹൗസിലെയും മികച്ച മത്സരാർത്ഥികൾ തുടർന്നുള്ള ഇന്റർ ഹൗസ് മത്സരങ്ങളിൽ പങ്കെടുക്കും. വിവിധ ക്ലാസ്സുകളിൽ നിന്നുള്ള ഒരേ ഹൗസിലെ അംഗങ്ങൾ കൂട്ടായ പഠനങ്ങളും ചർച്ചകളും നടത്തി ഇന്റർ ഹൗസ് മത്സരങ്ങളിൽ മാറ്റുരക്കും.

തുടർന്ന് ICSK വിവിധ ബ്രാഞ്ചുകൾ തമ്മിൽ മത്സരങ്ങൾ നടത്തും. അതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾ ഇന്റർ സ്കൂൾ ക്വിസ് മത്സരങ്ങളിൽ ICSK യെ പ്രതിനിധീകരിക്കും.

മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടുക എന്നതിലുപരി ക്വിസ് എക്സ്പ്ലോറ പോലെയുള്ള പരിപാടികൾ വിദ്യാർത്ഥികളുടെ കൂട്ടായ ഉദ്യമങ്ങളിലൂടെ ഗവേഷണവും പര്യവേക്ഷണവും ചർച്ചകളും വിശകലന - നിരീക്ഷണ - വൈഭവ വികസനവും പരസ്പര സഹകരണവും വ്യക്തിത്വ - സാമൂഹിക ഉന്നമനവും ലക്‌ഷ്യം വെയ്ക്കുന്നു. വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിഷയങ്ങൾ സീനിയർ സെക്കന്ററി തലത്തിൽ പഠിപ്പിക്കുന്ന സ്കൂൾ എന്ന ഖ്യാതി നേടിയ ICSK കുവൈറ്റ്, പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള പ്രവേശന മത്സരങ്ങളിലും മികച്ച പ്രകടനമാണ് കഴിഞ്ഞ വർഷവും കാഴ്ച്ചവെച്ചത്.

Related News