പ്രണയാഭ്യർത്ഥന നിരസിച്ച പെണ്‍കുട്ടിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി; മകളുടെ മരണത്തിന് പിന്നാലെ പിതാവ് ആത്മഹത്യ ചെയ്തു

  • 14/10/2022

ചെന്നൈ: ചെന്നൈയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. ചെന്നൈ സെന്‍റ് തോമസ് മൗണ്ട് സബ് അർബൻ സ്റ്റേഷനിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്വകാര്യ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന സത്യ ആണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ആദംപാക്കം സ്വദേശി സതീഷിനെ പോലീസ് പിടികൂടി.

ചെന്നൈ തൊരൈപാക്കത്തുവെച്ചാണ് പ്രതി സതീഷ് പോലീസ് പിടിയിലായത്. സത്യയുടെ അയല്‍വാസിയാണ് പ്രതിയായ സതീഷ്. സത്യയുടെ പിന്നാലെ സതീഷ് ഏറെനാളായി പ്രണയാഭ്യർത്ഥനയുമായി പിന്തുടര്‍ന്നിരുന്നുണ്ടായിരുന്നു. ക്ലാസിന് ശേഷം മടങ്ങുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന് ഇയാൾ റെയിൽവേ സ്റ്റേഷനിലെത്തി. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ സത്യയെ ഇയാൾ താംബരത്തുനിന്ന് എഗ്മോറിന് പോവുകയായിരുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ട്രെയിനിന് അടിയില്‍പ്പെട്ട് സത്യ തൽക്ഷണം മരിച്ചു. 

മകളുടെ മരണത്തിന് പിന്നാലെ സത്യയുടെ അച്ഛന്‍ മാണിക്യം ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മാണിക്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരണം. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചത്. മദ്യത്തില്‍ വിഷം കലര്‍ത്തി കുടിച്ചാണ് മരിച്ചത്. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട സതീഷിനെ ഇന്ന് ഉച്ചയോടെയാണ് പോലീസ് പിടികൂടിയത്. 

Related News