മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ള തലച്ചോര്‍ അപകടകരം: സുപ്രീംകോടതി

  • 15/10/2022

ദില്ലി: രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ള തലച്ചോര്‍ അപകടകരമെന്ന് അഭിപ്രായപ്പെട്ട് സുപ്രീം കോടതി. മാവോയിസ്റ്റ് കേസില്‍ പ്രൊഫസര്‍ ജി എന്‍ സായിബാബ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് വിധി പ്രഖ്യാപിക്കവെയാണ് സുപ്രീംകോടതി ഈ അഭിപ്രായ പ്രകടനം നടത്തിയത്.


ഭീകരവാദം അല്ലെങ്കില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം, നേരിട്ടുള്ള ഇടപെടല്‍ മാത്രമല്ല പിന്നില്‍ പ്രവര്‍ത്തിക്കുന്ന തലച്ചോറുകളും അപകടകരമാണെന്നായിരുന്നു ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് പരാമര്‍ശം നടത്തിയത്. പൊതുവായുള്ള നീരീക്ഷണമാണിതെന്നും കോടതി പറഞ്ഞു. പോളിയോ ബാധിച്ച്‌ 90 ശതമാനം തളര്‍ന്ന് വീല്‍ച്ചെയറില്‍ കഴിയുകയാണ് പ്രൊഫസര്‍ ജി എന്‍ സായിബാബയെന്നും അതിനാല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി പരിഗണിച്ച്‌ വീട്ടുതടങ്കലിലാക്കാമെന്നും സായിബാബയുടെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍, ഇതിനെ എതിര്‍ത്ത സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അര്‍ബന്‍ നക്സലുകള്‍ ഇത്തരം ആവശ്യങ്ങള്‍ സ്ഥിരിമായി ഉന്നയിക്കാറുണ്ടെന്ന് വാദിച്ചു. പ്രതികള്‍ക്ക് ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിക്കാം. കേസ് ഡിസംബര്‍ ഏട്ടിന് കോടതി വീണ്ടും പരിഗണിക്കും. കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. സായിബാബ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്താണ് ഹജറായത്.

Related News