ശല്യം ചെയ്യുന്നതായി രണ്ട് തവണ പരാതി; സത്യയെ തീവണ്ടിക്കു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ പ്രതി നേരത്തെ പദ്ധതിയിട്ടു

  • 15/10/2022

ചെന്നൈ: ചെന്നൈയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് തീവണ്ടിക്കു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത് ഞെട്ടലോടെയാണ് ആളുകള്‍ അറിഞ്ഞത്. ചെന്നൈയില്‍ സ്വകാര്യ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന സത്യ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ സതീഷ് പോലീസ് പിടിയിലായിരുന്നു. എന്നാല്‍ വിദ്യാര്‍ഥിനിയെ യുവാവ് തീവണ്ടിക്കു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ പദ്ധതിയിട്ടിരുന്നതായി പിടിയിലായ സതീഷ് പോലീസിന് മൊഴി നല്‍കി.

 സത്യയും സതീഷും തമ്മില്‍ രണ്ടുവര്‍ഷത്തെ പരിചയമുണ്ട്. സതീഷ് തുടര്‍ച്ചയായി പിന്തുടര്‍ന്ന് സത്യയെ ശല്യപ്പെടുത്തിയതിനാല്‍ സത്യയുടെ മാതാപിതാക്കള്‍ അഞ്ചുമാസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് സതീഷിനെ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. സത്യയെ ഇനി പിന്തുടര്‍ന്ന് ശല്യപ്പെടുത്തില്ലെന്ന് സതീഷ് പോലീസില്‍ എഴുതിനല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സത്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. 

എന്നാല്‍ തന്നെ ശല്യം ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി സത്യ രണ്ട് തവണ മമ്പലം പോലീസിലും മൌണ്ട് പോലീസ് സ്റ്റേഷനിലുമായി പരാതി നൽകിയിരുന്നു. ഈ പരാതികളൊന്നും പോലീസ് കാര്യമായെടുത്തില്ലെന്നാണ് ആരോപണം. സത്യയുടെയും സതീഷിന്റെയും രക്ഷിതാക്കൾ പോലീസ് സേനയുടെ ഭാഗമായതിനാൽ അത് ഒത്തുതീർപ്പിലേക്കെത്തുകയായിരുന്നു. സതീഷിന്റെ പിതാവ് റിട്ടയേഡ് സ്പെഷ്യൽ സബ് ഇൻസ്പെക്ടറായിരുന്നു. ആഡമ്പാക്കം പോലീസ് സ്റ്റേഷനിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ഇതേ സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു സത്യയുടെ അമ്മ. 

സത്യ കോളേജ് വിട്ട് ഉച്ചയ്ക്ക് ഒന്നരയോടെ സെയ്ന്റ്തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലെത്തുന്നത് രണ്ടുമാസത്തോളമായി നിരീക്ഷിച്ചു കൊണ്ടിരുന്നു. വ്യാഴാഴ്ച അവസാനമായി വീണ്ടും പ്രണയാഭ്യര്‍ഥന നടത്തുകയും നിഷേധിച്ചതിനെത്തുടര്‍ന്ന് തീവണ്ടിക്ക് മുന്നില്‍ തള്ളിയിടുകയായിരുന്നുവെന്നും സതീഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
 
ഈ മാസം  13നാണ് ദാരുണ കൊലപാതകം നടന്നത്. ചെന്നൈ തൊരൈപാക്കത്തുവെച്ചാണ് പ്രതി സതീഷ് പോലീസ് പിടിയിലായത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ സത്യയെ ഇയാൾ താംബരത്തുനിന്ന് എഗ്മോറിന് പോവുകയായിരുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ട്രെയിനിന് അടിയില്‍പ്പെട്ട് സത്യ തൽക്ഷണം മരിച്ചു. 

മകളുടെ മരണത്തിന് പിന്നാലെ സത്യയുടെ അച്ഛന്‍ മാണിക്യം ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മാണിക്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരണം. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചത്. മദ്യത്തില്‍ വിഷം കലര്‍ത്തി കുടിച്ചാണ് മരിച്ചത്. 


 

Related News