'ജയലളിതയുടെ മരണത്തിൽ ദുരൂഹത; അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്

  • 18/10/2022

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ. ജയലളിതയും തോഴി ശശികലയും 2012 മുതൽ നല്ല ബന്ധത്തിലായിരുന്നില്ല എന്നും ജസ്റ്റീസ് അറുമുഖ സ്വാമി. ജയലളിതയുടെ മരണം അന്വേഷിക്കാനായി സർക്കാർ നിയോഗിച്ച കമ്മീഷനാണ് നിർണായക വിവരങ്ങൾ പുറത്തു വിട്ടത്.

2016 സെപ്റ്റംബർ 22ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വച്ചു. വിദേശ ഡോക്ടർമാർ ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയ ശുപാർശ ചെയ്‌തെങ്കിലും നടത്തിയില്ല. ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കൽ റിപ്പോർട്ടുകളിൽ വലിയ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ജസ്റ്റിസ് അറുമുഖ സ്വാമി ചൂണ്ടിക്കാട്ടുന്നു. ജയലളിതയുടെ മരണ സമയം സംബന്ധിച്ചും വ്യക്തത കുറവുണ്ട്. മരണം സംഭവിച്ചെങ്കിലും ആ വിവരം മറച്ചു വച്ചു. ഒരു ദിവസം കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടതെന്ന് ദൃക്‌സാക്ഷി മൊഴികളിൽ നിന്ന് വ്യക്തമാകുന്നതായും അന്വേഷണ റിപ്പോർട്ടിലുണ്ട്.

ജയലളിതയുടെ തോഴി ശശികല, ഡോ.ശിവകുമാർ, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി വിജയ് ഭാസ്‌കർ എന്നിവർക്കെതിരെ കേസെടുക്കാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ഇവർ നാലു പേരും വിചാരണ നേരിടണമെന്നും ശുപാർശ ചെയ്യുന്ന റിപ്പോർട്ട് കമ്മീഷൻ തമിഴ്‌നാട് നിയമസഭയിൽ വച്ചു.

Related News