ഭര്‍ത്താവിനെ മര്‍ദ്ദിക്കാന്‍ മൂന്നുലക്ഷം രൂപയ്ക്ക് ഭാര്യയുടെ ക്വട്ടേഷന്‍; കൊല്ലരുതെന്നും മര്‍ദ്ദിച്ചാല്‍ മതിയെന്നും യുവതി

  • 19/10/2022

പൊള്ളാച്ചി: ഭര്‍ത്താവിനെ മര്‍ദ്ദിക്കാന്‍ മൂന്നുലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍‌കി ഭാര്യ. കോട്ടൂര്‍ മലയാണ്ടി പട്ടണത്തിലാണം സംഭവം. സംഭവത്തില്‍ ഭാര്യയടക്കം എട്ടുപേര്‍ അറസ്റ്റിലായി. ഉടുമല്‍പ്പേട്ട റോഡ് തുറയൂരില്‍ ഫൈബര്‍കമ്പനി നടത്തുന്ന മണികണ്ഠനാണ് (36) മര്‍ദ്ദനമേറ്റത്. റേഷന്‍കട ജോലിക്കാരിയായ ഭാര്യ ഷണ്‍മുഖപ്രിയ (34), സുഹൃത്ത് മാരിയമ്മാള്‍, ക്വട്ടേഷന്‍ സംഘാംഗങ്ങളായ ആറു പേര്‍ എന്നിവരാണ് അറസ്റ്റിലായത്.

മണികണ്ഠന് അവിഹിതബന്ധമുണ്ടെന്ന സംശയത്തിലാണ് ഭാര്യയായ യുവതി, മധുരയില്‍ നിന്ന് ക്വട്ടേഷന്‍ സംഘത്തെ മൂന്നുലക്ഷം രൂപ കൊടുത്ത് ഏര്‍പ്പെടുത്തിയത്. മണികണ്ഠന്റെ ഫൈബര്‍ ഫാക്ടറിയില്‍വെച്ചായിരുന്നു മര്‍ദ്ദിച്ചത്. കൊല്ലരുതെന്നും നന്നായി മര്‍ദിച്ചാല്‍ മതിയെന്നും പറഞ്ഞതായി ഭാര്യ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. 

ഗുരുതര പരിക്കുകളോടെ മണികണ്ഠന്‍ പൊള്ളാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫാക്ടറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഭാര്യയെ ചോദ്യംചെയ്തതില്‍നിന്നുമാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ രണ്ട് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.  

Related News