പരിശുദ്ധ കാതോലിക്കാ ബാവായുടെ ശ്ലൈഹിക സന്ദർശനവും, ആദ്യഫലപ്പെരുന്നാൾ ആഘോഷങ്ങളും

  • 20/10/2022

  
കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ക്ഷണപ്രകാരം പ്രഥമ ശ്ലൈഹിക സന്ദർശനത്തിനായി ഒക്ടോബർ 19-‍ാം തീയതി ബുധനാഴ്ച്ച രാവിലെ കുവൈറ്റിൽ എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവായ്ക്ക്‌ കുവൈറ്റ്‌ വിമാനത്താവളത്തിൽ ഊഷ്മളമായ വരവേല്പ്പ്‌ നൽകി. 

കുവൈറ്റ് കൂടി ഉൾപ്പെടുന്ന കൽക്കത്താ ഭദ്രാസനത്തിന്റെ ചുമതല വഹിക്കുന്ന അഭിവന്ദ്യ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്തായും പരിശുദ്ധ ബാവാ തിരുമേനിയോടൊപ്പം കുവൈറ്റിൽ എത്തിച്ചേർന്നു.  

ഒക്ടോബർ 21, വെള്ളിയാഴ്ച്ച രാവിലെ ആദ്യഫലപ്പെരുന്നാൾ ആഘോഷങ്ങൾക്ക്‌ മുന്നോടിയായി കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കും. കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്താ സഹകാർമ്മികത്വം വഹിക്കും.

ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയൻ നഗറെന്ന്‌ നാമകരണം ചെയ്ത ജിലീബ് ഇന്ത്യൻ സെൻട്രൽ സ്ക്കൂൾ അങ്കണത്തിൽ നടക്കുന്ന സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ ആശിർവദിക്കുവാൻ എത്തിച്ചേരുന്ന പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക്‌ ഇടവകയുടെ ആഭിമുഖ്യത്തിൽ വമ്പിച്ച സ്വീകരണം നൽകും. തുടർന്ന്‌ നടക്കുന്ന പൊതുസമ്മേളനത്തിലും, ആദ്യഫലപ്പെരുന്നാൾ ആഘോഷങ്ങളിലും മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവാ മുഖ്യാതിഥിയായി പങ്കെടുക്കും. സഭയുടെ പാരമ്പര്യത്തെ വിളിച്ചറിയിക്കുന്ന വർണ്ണപ്പകിട്ടാർന്ന ഘോഷയാത്ര, ഇടവകയിലെ ആത്മീയപ്രസ്ഥാനങ്ങൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാരൂപങ്ങൾ എന്നിവ പരിപടികൾക്ക് കൊഴുപ്പേകും. 

കുവൈറ്റിലെ വിവിധങ്ങളായ ഓർത്തഡോക്സ്‌ സഭകളിൽ ഉൾപ്പെടുന്ന കോ-ഓപ്ടിക്‌ ഓർത്തഡോക്സ്‌ ചർച്ചിലും, എത്യോപ്യൻ ഓർത്തഡോക്സ്‌ ചർച്ചിലും, ഗ്രീക്ക്‌ ഓർത്തഡോക്സ്‌ ചർച്ചിലും പരിശുദ്ധ ബാവാ സന്ദർശനം നടത്തും. 

മലങ്കര സഭയിലെ തന്നെ എറ്റവും വലിയ സണ്ടേസ്ക്കൂളായ കുവൈറ്റ്‌ മഹാ ഇടവകയുടെ ജൂബിലി വേദമഹാ വിദ്യാലയം നൽകുന്ന സ്വീകരണവും കുട്ടികളുമായുള്ള കൂടികാഴ്ച്ചയും ഉണ്ടായിരിക്കും. 

കൂടാതെ മലങ്കര സഭയിൽ ഉൾപ്പെടുന്ന വിവിധ ദേവാലയങളായ അഹമ്മദി സെന്റ്‌ തോമസ്‌ പഴയപള്ളി, സെന്റ്‌ ബെസിൽ ഓർത്തഡോക്സ്‌ ചർച്ച്‌, സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ചർച്ച്‌ എന്നിവിടങ്ങളിലും സന്ദർശിച്ച്‌ വിശുദ്ധ കുർബ്ബാന അർപ്പിക്കും.   

മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവാ, അഭിവന്ദ്യ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്താ, മഹാ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഇടവക ട്രസ്റ്റി സാബു എലിയാസ്‌, സെക്രട്ടറി ഐസക്‌ വർഗീസ്‌, ജനറൽ കൺവീനർ ബിനു ബെന്ന്യാം, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങളായ തോമസ്‌ കുരുവിള, മാത്യൂ കെ. ഇലഞ്ഞിക്കൽ, കൽക്കത്താ ഭദ്രാസന മീഡിയ കോർഡിനേറ്റർ ജെറി ജോൺ കോശി എന്നിവർ ഒക്ടോബർ 19-നു നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നു വരികയാണെന്ന്‌ സംഘാടകസമിതി അറിയിച്ചു.

Related News