75000 പേർക്ക് തൊഴിൽ; ദീപാവലിക്ക് മുൻപ് നിയമന ഉത്തരവ് കൈമാറുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

  • 20/10/2022

രാജ്യത്തെ 75,000 യുവാക്കൾക്ക് ഉടൻ നിയമന ഉത്തരവ് കൈമാറാൻ കേന്ദ്രസർക്കാർ. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ 'റോസ്ഗർ മേള' എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 22 ന് വിഡിയോ കോൺഫറൻസ് വഴി തുടക്കം കുറിക്കും. വിവിധ കേന്ദ്ര മന്ത്രിതല, സർക്കാർ വകുപ്പുകളിലേക്കാണ് നിയമനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

75,000 യുവാക്കൾക്ക് ദീപാവലിക്ക് മുൻപായി നിയമനത്തിനുള്ള കത്ത് നൽകുമെന്നാണ് പ്രധനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പ്രതിരോധ, റെയിൽവേ, ആഭ്യന്തര, തൊഴിൽ, വകുപ്പുകളിലേക്കും കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, സി.ബി.ഐ, കസ്റ്റംസ്, ബാങ്കിങ് എന്നിവയിലേക്കുമാണ് നിയമനം.

തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. പിന്നാലെ 18 മാസത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഈ വർഷം ജൂണിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദീപാവലിക്ക് മുൻപായി റാങ്ക് ലിസ്റ്റിലുള്ളവരുമായി പ്രധാനമന്ത്രി വിഡിയോ കോൺഫ്രൻസിലൂടെ സംവദിക്കും. ഈ യോഗത്തിലായിരിക്കും നിയമന ഉത്തരവ് കൈമാറുക. രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നായി കേന്ദ്രമന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും.

Related News