ദീപാവലി ഗിഫ്റ്റിൽ വഞ്ചിക്കപ്പെടരുത്, മുന്നറിയിപ്പുമായി സേർട്ട്-ഇൻ

  • 21/10/2022

ദീപാവലി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ഉത്സവ സീസൺ ആയതിനാൽ ഓൺലൈൻ ഷോപ്പിംഗ് തകൃതിയായി നടക്കുന്നുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കാൻ വൻ ഓഫറുകളുമായി ഷോപ്പിംഗ് വെബ്സൈറ്റുകൾ റെഡിയായി കഴിഞ്ഞു. ഈ ഉത്സവകാലം മുതലെടുക്കാൻ സൈബർ കുറ്റവാളികൾ വല വീശി ഇരിക്കുകയാണ്. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യയിലെ സൈബർ സുരക്ഷാ ടീം സേർട്ട്-ഇൻ (ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം) മുന്നറിയിപ്പ് നൽകി.

ദീപാവലി സമ്മാനങ്ങൾ എന്ന പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയിലൂടെ പ്രചരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ സമ്മാനം ലഭിക്കുമെന്നാണ് ഇവയുടെ അവകാശവാദം. ഇത്തരം ന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുതെന്നാണ് CERT-In നൽകുന്ന മുന്നറിയിപ്പ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും ചോരാൻ ഇടയുണ്ടെന്ന് CERT-In പറയുന്നു. ഈ വെബ്സൈറ്റുകളിൽ മിക്കതും ചൈനീസ് .cn ഡൊമെയ്ൻ ആണ് ഉപയോഗിക്കുന്നത്.

എങ്ങനെയാണ് തട്ടിപ്പ് നടക്കുന്നത്?

ഏതാനും ചൈനീസ് വെബ്സൈറ്റുകൾ സൗജന്യ ദീപാവലി സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ഉപയോക്താക്കൾക്ക് ഫിഷിങ് ലിങ്കുകൾ നൽകും. ദീപാവലിയോടനുബന്ധിച്ച് സമ്മാനങ്ങൾ ലഭിക്കുമെന്നും നിങ്ങളുടെ സമ്മാനം ഉറപ്പാക്കാൻ ഉടൻ ലിങ്കിൽ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടും. സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അഭിനന്ദനങ്ങൾ എന്നൊരു മെസ്സേജ് തെളിഞ്ഞ് വരും. പിന്നീട് വെബ്സൈറ്റിലെ ഒരു ഫോമിൽ വിശദാംശങ്ങൾ പൂരിപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. ഫോം പൂരിപ്പിച്ചാൽ സമ്മാനം കിട്ടുമെന്ന് വിശ്വസിച്ചാൽ കബളിപ്പിക്കപ്പെടും. ഫോം പൂർത്തിയാക്കിയ ശേഷം വീണ്ടും ''അഭിനന്ദനങ്ങൾ'' എന്ന സന്ദേശം ദൃശ്യമാകും. മാത്രമല്ല, ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാൻ ഒരു വ്യവസ്ഥയുണ്ട്. പങ്കിട്ട ശേഷം സമ്മാനം അവകാശപ്പെടാം എന്നാണ് വിശ്വാസം. എന്നാൽ ഇതെല്ലാം വലിയ തട്ടിപ്പാണ്.

Related News