പുത്തൻ ചരിത്രമെഴുതി ഐഎസ്ആർഒ; എല്‍വിഎം-3 വിക്ഷേപണം വിജയം

  • 22/10/2022

ശ്രീഹരിക്കോട്ട: ബഹിരാകാശ വിക്ഷേപണ രംഗത്ത് പുതു ചരിത്രമെഴുതി ഐഎസ്ആർഒ. എൽവിഎം- 3 ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ദൗത്യം വിജയകരമായി. ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബിന്റെ 36 ഉപഗ്രഹങ്ങളും വഹിച്ച് ഐഎസ്ആര്‍ഒയുടെ എല്‍വിഎം-3 റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. 

ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ (എല്‍വിഎം-3) എന്നു പേരുമാറ്റിയ ജിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് ഐഎസ്ആര്‍ഒ നടത്തുന്ന ആദ്യ വാണിജ്യ വിക്ഷേപണമാണിത്. വൺ വെബ്ബിന്റെ 36 ഉപഗ്രങ്ങളും ഭ്രമണപഥത്തിൽ സ്ഥാപിച്ചു. സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്ന് എല്‍വിഎം-3 കുതിച്ചുയര്‍ന്നതോടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതു ചരിത്രമാണ് ഇന്ത്യ രചിച്ചത്.  

 5,796 കിലോ പേലോഡ് വഹിച്ച ആദ്യ ഇന്ത്യൻ റോക്കറ്റ് ദൗത്യം എന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിനുണ്ട്. 12.07ന് തന്നെ എൽവിഎം 3 അഞ്ചാം ദൗത്യത്തിന്റെ ഉത്തരവാദിത്വവുമായി 43.5 മീറ്റർ ഉയരമുളള റോക്കറ്റ് കുതിപ്പ് തുടങ്ങി. വിക്ഷേപണം കഴിഞ്ഞ് പത്തൊമ്പതര മിനുട്ട് കഴിഞ്ഞപ്പോൾ ആദ്യ നാല് ഉപഗ്രഹങ്ങൾ പേടകത്തിൽ നിന്ന് വേർപെട്ടു. 

പുലർച്ചെ ഒന്നരയോടെ എല്ലാ ഉപഗ്രഹങ്ങളും വേർപെട്ടതായും വിക്ഷേപണം വിജയകരമാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. . ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായെന്ന് വൺ വെബ്ബിന്‍റെ സ്ഥിരീകരണം പുലർച്ചെ 3.11ന് എത്തി. 
 

Related News