മാനവികതയുടെ മഹാപ്രവാഹങ്ങളായിരുന്നു പ്രാവാചകാധ്യാപനങ്ങൾ- ഐ സി എഫ്

  • 23/10/2022


കുവൈറ്റ്: മാനവികതയിലൂന്നിയ ജീവിതസംസ്കാരമായിരുന്നു പ്രവാചകൻ മുഹമ്മദ് നബി (സ) പഠിപ്പിച്ചതെന്ന് ഐ സി എഫ് ഫർവാനിയ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തിലെ പ്രഭാഷകർ അഭിപ്രായപ്പെട്ടു. സ്വന്തം മതവും സംസ്കാരവും കണിശമായി കൊണ്ടുനടക്കുമ്പോൾ തന്നെ, മറ്റുള്ളവരുടെ സംസ്കാരങ്ങളെയും ചിന്താധാരകളെയും ബഹുമാനിക്കാനാണ് മുഹമ്മദ് നബി(സ) പഠിപ്പിച്ചത് . കാരുണ്യവും സ്നേഹവും പ്രചരിപ്പിക്കുകയും വിദ്വേഷ പ്രചാരകരെ അകറ്റിനിർത്തുകയും ചെയ്തായിരുന്നു പ്രവാചകർ അറേബ്യയിൽ ഒരു നഗരരാഷ്ട്രം സ്ഥാപിച്ചത്.

ഐ.സി.എഫ്. ഇന്റര്‍നാഷണല്‍ മീലാദ് കാമ്പയിന്‍ 2023ലെ സ്നേഹ വിരുന്നിന്‍റെ ഭാഗമായിട്ടാണ് സംഗമം സംഘടിപ്പിച്ചത്. നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന പരസ്പര വിശ്വാസവും ബഹുമാനവും എന്തു വില കൊടുത്തും കാത്തു നിർത്തണം. വ്യത്യസ്ത ആരാധനകളും വിവിധ ആചാരാനുഷ്ഠാനങ്ങളും ഒരു പോലെ പുലർന്നു പോന്ന മഹനീയ പാരമ്പര്യമാണ് നമ്മുടെ നാട്ടിനുള്ളത്. ഈ പാരമ്പര്യത്തെ നിഷ്കാസനം ചെയ്യാനുള്ള ഗൂഢ നീക്കങ്ങളെ എല്ലാവരും ചേർന്ന് തോൽപിക്കണം. - സംഗമം അഭിപ്രായപ്പെട്ടു.

ഐ.സി.എഫ്. സെന്‍ട്രല്‍ പ്രസിഡണ്ട്‌ സുബൈര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നാഷണല്‍ ദഅവാ സെക്രട്ടറി എഞ്ചി. അബൂ മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു. നാഷണല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല വടകര സന്ദേശ പ്രഭാഷണം നടത്തി. ശരത് തൃശൂര്‍, രാജേഷ്‌ വയനാട്, വിശ്വനാഥന്‍ കൊല്ലം, ജീവ്സ് എരിന്ജീരി തുടങ്ങിയവര്‍ സംസാരിച്ചു. സലീം മാസ്റ്റര്‍ കൊച്ചനൂര്‍ സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ എടത്തിരുത്തി നന്ദിയും പറഞ്ഞു.

Related News