ആഗോള പ്രശ്നങ്ങളിൽ ഒന്നിച്ചുനിന്ന് പ്രവർത്തിക്കാം; ഋഷി സുനകിന് അഭിനന്ദനങ്ങൾ നേർന്ന് പ്രധാനമന്ത്രി

  • 24/10/2022

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ ഋഷി സുനകിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള പ്രശ്ങ്ങളിൽ ബ്രിട്ടനുമായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു നരേന്ദ്രമോദിയുടെ പ്രതികരണം. 'ഊഷ്മളമായ അഭിനന്ദനങ്ങൾ ഋഷി സുനക്. അങ്ങേയ്ക്കൊപ്പം ആഗോള പ്രശ്നങ്ങളിൽ ഒന്നിച്ചുനിന്ന് പ്രവർത്തിക്കാനും റോഡ്മാപ് നടപ്പിലാക്കാനും ആഗ്രഹിക്കുന്നു. ബ്രിട്ടണിലെ ഇന്ത്യൻ പൗരന്മാർക്ക് ദീപാവലി ആശംസകൾ'. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

193 എംപിമാരുടെ പിന്തുണ നേടിയാണ് സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായത്. മുൻ പ്രതിരോധ മന്ത്രി പെന്നി മോർഡന്റ് മത്സരത്തിൽ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയാണ് പെന്നി മോർഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായി തെരഞ്ഞെടുക്കും. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മൽസരത്തിൽ നിന്നു നേരത്തെ പിന്മാറിയിരുന്നു.

ഇന്ത്യൻ വംശജനും ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ ആർ നാരായണമൂർത്തിയുടെ മരുമകനുമാണ് ഋഷി സുനക്. 2020ലാണ് ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത്. 2015 ൽ ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടത്. പഞ്ചാബിൽ വേരുകളുള്ള ഇന്ത്യൻ ഡോക്ടറുടെ മകനായി 1980ൽ ഹാംപ്ഷയറിലെ സതാംപ്ടണിലാണ് ഋഷി സുനക് ജനിച്ചത്. 2015ൽ യോർക്ക്ഷയറിലെ റിച്ച്‌മോണ്ടിൽനിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് 2009ലാണ് നാരായണ മൂർത്തിയുടെ മകൾ അക്ഷതയെ വിവാഹം കഴിക്കുന്നത്.

Related News