തലയിലടക്കം മുറിവുകളുമായി സഹായത്തിന് കേണ് പെണ്‍കുട്ടി; ഫോണിൽ ദൃശ്യങ്ങൾ പകര്‍ത്തി നോക്കിനിന്ന് ആള്‍ക്കൂട്ടം, ക്രൂരത

  • 25/10/2022

ലഖ്നോ: ശരീരമാകെ പരിക്കേറ്റ നിലയിൽ ആളുകളോട് സഹായത്തിനായി അപേക്ഷിച്ച് പെണ്‍കുട്ടി. എന്നാല്‍ നിസ്സഹായയായ പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്താന്‍ തിക്കിത്തിരക്കുകയാണ് ആള്‍ക്കൂട്ടം. വളരെ വേദനിപ്പിക്കുന്ന കാഴ്ചയാണ് ഉത്തർപ്രദേശില്‍ നിന്ന് പുറത്തു വരുന്നത്.

ഉത്തർപ്രദേശിലെ കനൗജിലിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ ഞായറാഴ്ചയാണ്  വീട്ടിൽ നിന്നും കാണാതായത്. മണിക്കൂറുകൾക്ക് ശേഷം പരിക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടിയുടെ തലയിലുള്‍പ്പെടെ മുറിവുകളുണ്ടായിരുന്നു. രക്തം ഒലിപ്പിച്ച് സഹായത്തിനായി കേഴുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പെൺകുട്ടി സഹായത്തിനായി അപേക്ഷിക്കുമ്പോഴും ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്ന ജനക്കൂട്ടത്തെ ദൃശ്യങ്ങളില്‍ കാണാം. പെൺകുട്ടിയെ സഹായിക്കാൻ ചുറ്റും കൂടി നിന്നവർ ആരും തന്നെ തയാറായിരുന്നില്ല. പോലീസ് എത്തിയതിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.

Related News