യുവാക്കളുമായി സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; 15കാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

  • 26/10/2022

ഹൈദരാബാദ്: ഗ്രാമത്തിലെ യുവാക്കളുമായി സംസാരിച്ചതിന് 15കാരിയായ മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ വനപർത്തി ജില്ലയിലാണ് സംഭവം. പെബൈർ മണ്ഡലത്തിലെ ഗ്രാമത്തിൽ നിന്നുള്ള 37കാരനായ കർഷകനാണ് പത്താം ക്ലാസിൽ പഠിക്കുന്ന മകളെ കൊലപ്പെടുത്തിയത്. 

ചൊവ്വാഴ്ച വീട്ടില്‍ വെച്ചാണ് സംഭവം ഉണ്ടായത്. ദീപാവലി അവധിക്ക് കുട്ടികൾ അമ്മയോടൊപ്പം അമ്മയുടെ വീട്ടിലേക്ക് പോയി. പിന്നീട് കുട്ടികൾ തിരിച്ചെത്തി. ചൊവ്വാഴ്ച രാവിലെ മൂത്ത പെൺകുട്ടി കോളേജിലേക്കും ഇളയവൾ സ്കൂളിലേക്കും പോയി. സ്കൂൾ തുറക്കാത്തതിനാൽ 15കാരി വീട്ടിൽ തന്നെയായിരുന്നു. 

ചൊവ്വാഴ്ച രാവിലെയോടെ പെൺകുട്ടി ഗ്രാമത്തിലെ യുവാക്കളോട് സംസാരിച്ച് നിൽക്കുന്നത് പിതാവ് കാണാനിടയായി. ഗ്രാമത്തിലെ ആൺകുട്ടികളോട് സംസാരിക്കരുതെന്ന് ഇയാൾ പെൺകുട്ടിക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല‍ ഇത് അനുസരിക്കാതെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണം. ക്ഷുഭിതനായ പിതാവ് കോടാലിയെടുത്ത് പെൺകുട്ടിയെ വെട്ടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ പെൺകുട്ടി മരിച്ചു. പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Related News